ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Sunday, June 19, 2011

പൌരനെ മാവോവാദിയായി ചിത്രീകരിച്ചു റിപ്പോര്‍ട്ട് നല്‍കിയത് അപലപനീയം

കോട്ടക്കല്‍ : മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.യു.സി.എല്‍. പ്രസിഡണ്ട്‌ അഡ്വ.പി.എ.പൌരനെ മാവോവാദിയായി ചിത്രീകരിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയ നടപടി പ്രതിഷേധാര്‍ഹമാണെന്നു ഇന്ത്യന്‍ വിദ്യാര്‍ഥി ഫെഡറേഷന്‍  (ഐ.എസ്‌.എഫ്.) മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും ഭരണകൂട ഭീകരതക്കെതിരെയും ശബ്ടിക്കുന്നവരെ പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്താനുള്ള നീക്കത്തിനെതിരെ സമൂഹം ഒന്നടങ്കം രംഗത്തിറങ്ങണമെന്നും      പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ഐ.എസ്‌.എഫ്.ആവശ്യപ്പെട്ടു.
ഐ.എസ്‌.എഫ്.മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ ഉസ്മാന്‍ കാച്ചടി ആദ്യക്ഷത വഹിച്ചു. റഹീം പൊന്നാനി, റഫീഖ് താനാളൂര്‍, ഷാജഹാന്‍ പരവയ്ക്കള്‍, സൈഫുദ്ധീന്‍ അനന്താവൂര്‍,  ശിഹാബ് കരുവാന്കല്ല്, അജ്മല്‍ തവനൂര്‍, ചെമ്പന്‍ ഗഫൂര്‍, ജാഫര്‍ അലി പുറത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

Saturday, June 18, 2011

മഅ്ദനിയെ കാണാന്‍ അഭിഭാഷകനും ബന്ധുക്കള്‍ക്കും അനുമതി
ബംഗളൂരു: വൈറ്റ്ഫീല്‍ഡിലെ 'സൗഖ്യ' ആശുപത്രിയില്‍ ആയുര്‍വേദ ചികിത്സയില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയെ സന്ദര്‍ശിക്കുന്നതിന് അഭിഭാഷകനും അടുത്ത ബന്ധുക്കള്‍ക്കും അനുമതി. സുരക്ഷാ ചുമതലയുള്ള ആംഡ് റിസര്‍വ് പൊല...ീസ് ഡി.സി.പി എം.ഡി. നായിഡുവാണ് ആഴ്ചയില്‍ ഒരു ദിവസം അരമണിക്കൂര്‍ മഅ്ദനിയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. ആശുപത്രി അധികൃതരുടെ അനുവാദത്തിന് വിധേയമായി ഫലവര്‍ഗങ്ങള്‍, ഡ്രൈ ഫ്രൂട്‌സ്, ബേക്കറി സാധനങ്ങള്‍ എന്നിവ കൈമാറാനും അനുമതി യുണ്ട്.

ആയുര്‍വേദ ചികിത്സയുടെ ഭാഗമായി 11 ദിവസമായി സൗഖ്യ ആശുപത്രിയില്‍ കഴിയുന്ന മഅ്ദനിയെ സന്ദര്‍ശിക്കാന്‍ അഡ്വ. പി. ഉസ്മാനും ബന്ധുവും എത്തിയെങ്കിലും സുരക്ഷയുടെ ചുമതലയുള്ള ആംഡ് റിസര്‍വ് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. അനുവാദം നല്‍കണമെന്നുകാട്ടി ജയില്‍ ഐ.ജിയുടെയും കോടതിയുടെയും ഉത്തരവുകള്‍ കാണിച്ചെങ്കിലും പുതിയ കോടതി ഉത്തരവ് ഉണ്ടെങ്കില്‍ മാത്രമേ അനുവദിക്കൂ എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഇതേതുടര്‍ന്നാണ് ആംഡ് റിസര്‍വ് ഡി.സി.പിയുമായി ചര്‍ച്ച നടത്തിയത്.

ബംഗളൂരു സ്‌ഫോടന പരമ്പരയില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന മഅ്ദനിയെ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ജൂണ്‍ ഏഴിന് സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചക്കുശേഷം അഭിഭാഷകനും ബന്ധുവും മഅ്ദനിയെ സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്.

മഅ്ദനിയെ കാണാന്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

ബാംഗ്ലൂര്‍ : സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പഞ്ചകര്‍മ ചികിത്സക്കായി വൈറ്റ്ഫീല്‍ഡിലെ ആയുര്‍വേദ ആശുപത്രിയായ 'സൗഖ്യ'യില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയെ സന്ദര്‍ശിക്കാന്‍ അഭിഭാഷകരെയും ബന്ധുക്കളെയും അനുവദിക്കാത്തത് വിവാദമാകുന്നു. ജൂണ്‍ ഏഴിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഅ്ദനിയെ സന്ദര്‍ശിക്കാന്‍ അഭിഭാഷകനും ബന്ധുവിനും അനുമതി നല്‍കണമെന്ന് കാണിച്ച് ജയില്‍ സൂപ്രണ്ട് കത്ത് നല്‍കിയിട്ടും സുരക്ഷാ ചുമതലയുള്ള ആംഡ് റിസര്‍വ് പൊലീസ് നിരസിച്ചു. കോടതി നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനും ചികിത്സാ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനുമാണ് കഴിഞ്ഞ ദിവസം മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ.പി. ഉസ്മാനും ബന്ധു മുഹമ്മദ് റജീബും കാണാന്‍ ശ്രമിച്ചത്. കോടതി ഉത്തരവ് നല്‍കിയാലേ സന്ദര്‍ശനാനുമതി നല്‍കാനാകൂ എന്നായിരുന്നു പൊലീസിന്റെ നിലപാട്.
മഅ്ദനിയെ സന്ദര്‍ശിക്കുന്നതില്‍നിന്ന് വിലക്കുന്നത് ജയില്‍ നിയമത്തിന്റെയും കോടതി ഉത്തരവിന്റെയും ലംഘനമാണെന്ന് അഡ്വ.പി. ഉസ്മാന്‍ പറഞ്ഞു. വിചാരണത്തടവുകാരെ ആഴ്ചയില്‍ രണ്ടു ദിവസം അടുത്ത ബന്ധുക്കള്‍ക്കും അഭിഭാഷകനും സന്ദര്‍ശിക്കാമെന്നും പഴവര്‍ഗങ്ങള്‍ നല്‍കാമെന്നുമാണ് ജയില്‍ നിയമം. ജയിലില്‍ ബന്ധുക്കള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കണമെന്ന് കോടതി വിധിയുമുണ്ട്. മഅ്ദനി ആശുപത്രിയില്‍ ചികിത്സയിലാണെങ്കിലും വിചാരണത്തടവുകാരന്‍ തന്നെയാണ്. ഈ സാഹചര്യത്തില്‍ ജയില്‍ നിയമവും കോടതി ഉത്തരവും ആശുപത്രിയിലും ബാധകമാണ്.
 ജയില്‍ സൂപ്രണ്ടിന്റെ അനുമതിയുണ്ടെങ്കില്‍ സന്ദര്‍ശനം അനുവദിക്കണം. എന്നാല്‍, ഈ ചട്ടങ്ങളെല്ലാം ലംഘിച്ച് അനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് മഅ്ദനിയുടെ അഭിഭാഷകന്‍ പറയുന്നത്.
ബംഗളൂരു സ്‌ഫോടന പരമ്പര കേസിന്റെ വിചാരണ പ്രത്യേക കോടതി ജൂലൈ ഏഴിലേക്കാണ് മാറ്റിയിരിക്കുന്നത്. സുപ്രീംകോടതിയില്‍ നല്‍കിയ ജാമ്യഹരജി ആഗസ്റ്റ് മൂന്നിന് പരിഗണിക്കും. ഈ രണ്ട് കേസുകളിലും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് സന്ദര്‍ശനാനുമതി തേടിയതെന്ന് മഅ്ദനിക്ക് വേണ്ടി വിചാരണക്കോടതിയിലും സുപ്രീം കോടതിയിലും ഹാജരാകുന്ന അഡ്വ. ഉസ്മാന്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ മഅ്ദനിയുടെ ചികിത്സാ വിവരങ്ങളും ആവശ്യമാണ്. മഅ്ദനിയുടെ എം.ആര്‍.ഐ സ്‌കാനിന്റെ റിപ്പോര്‍ട്ട് ആശുപത്രിയില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ബന്ധു സന്ദര്‍ശനാനുമതി തേടിയത്.
ബന്ധുക്കള്‍ക്കും അഭിഭാഷകനും സന്ദര്‍ശനാനുമതി നല്‍കിക്കൊണ്ടുള്ള കോടതി ഉത്തരവിന്റെ പകര്‍പ്പ് ഇന്ന് പൊലീസിന് സമര്‍പ്പിച്ചശേഷം കാണാന്‍ ശ്രമിക്കുമെന്നും ഇത് നിഷേധിച്ചാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അഡ്വ. ഉസ്മാന്‍ പറഞ്ഞു. (കടപ്പാട്-മാധ്യമം)

എം.എസ്.എഫ് സമരം കണ്ണില്‍ പൊടിയിടാന്‍ - ഐ.എസ്.എഫ്


തിരൂരങ്ങാടി: വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന എം.എസ്.എഫും യൂത്ത്‌ലീഗും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ കാച്ചടി അഭിപ്രായപ്പെട്ടു.
ഐ.എസ്.എഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ഥി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ അംഗീകാരം ഉണ്ടെന്ന് കാണിച്ച് വിദ്യാര്‍ഥികളെ കബളിപ്പിച്ച് ഫീസ് വാങ്ങുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഗഫൂര്‍  തിരൂരങ്ങാടി അധ്യക്ഷനായി. പി.കെ.സാജര്‍, റിയാസ് ചെമ്മാട്, അന്‍വര്‍ സാദത്ത്, കെ.റമീസ് എന്നിവര്‍ പ്രസംഗിച്ചു.

ദേശീയപാതയിലെ കുഴിയില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ വാഴനട്ടു

തിരൂരങ്ങാടി: പൊട്ടിപ്പൊളിഞ്ഞ് കുഴികളായി മാറിയ ദേശീയപാത നന്നാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി പ്രവര്‍ത്തകര്‍ സമരംനടത്തി.
ദേശീയപാതയില കക്കാട്ട് കനത്ത മഴയില്‍ രൂപംകൊണ്ട കുഴിയില്‍ വാഴനട്ടായിരുന്നു പ്രതിഷേധം. പി.ഡി.പി കക്കാട് ടൗണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമരത്തിന് തയ്യില്‍ മുഹമ്മദ്കുട്ടി, ഉസ്മാന്‍ കാച്ചടി, ഷഫീഖ് പാലൂക്കില്‍, സാബിത്ത് കക്കാട് എന്നിവര്‍ നേതൃത്വംനല്‍കി.

Thursday, June 16, 2011

ശാക്തീകരണത്തിന് വേണ്ടി ശ്രമിക്കുന്നവരെ കരിനിയമങ്ങള്‍ ചുമത്തി ജയിലിലടക്കുന്നു - പി.ഡി.പി.

തൃശ്ശൂര്‍ : പാര്‍ശ്വവത്കൃത സമൂഹത്തിന്റെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി പ്രവര്‍ത്തിക്കുന്നവരെ കരിനിയമങ്ങള്‍ ചുമത്തി ജയിലിലടക്കുന്ന പ്രവണതകള്‍ ഭരണകൂടങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നതായി പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് അഭിപ്രായപ്പെട്ടു. തൃശ്ശൂര്‍ അലങ്കാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പി.ഡി.പി. മധ്യ മേഖലാ നേതൃയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കുന്നതിന് പൊതുസമൂഹത്തിന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാവണമെന്നും റജീബ് ആവശ്യപ്പെട്ടു. കോടതികളുടെയും പൌരസമൂഹതിന്റെയും നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകളും ഉണ്ടായിട്ടും നിഷേധാത്മക സമീപനം തുടരുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വതിനെ തിരുത്താന്‍ കഴിയുന്ന ജനകീയ മുന്നേറ്റങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളും നേതൃത്വം നല്‍കണം.
അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്തിക്കുന്നവരെയും സംഘടനകളെയും ഉള്‍പ്പെടുത്തി ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പി.ഡി.പി. നേതൃത്വം നല്‍കും. ഇതിന്റെ ഭാഗമായി 'ബിനായക് സെന്‍ മുതല്‍ മഅദനി വരെ' എന്നാ ശീര്‍ഷകത്തില്‍ സംസ്ഥാന മൂന്നു മേഖലകളില്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ പങ്കെടുപ്പിച്ചു സെമിനാറുകള്‍ സംഘടിപ്പിക്കും.
 ഇതിന്റെ ഭാഗമായി മധ്യ മേഖലാ സെമിനാര്‍ ജൂലെ 15 നു എറണാകുളം ടൌണ്‍ ഹാളില്‍ നടക്കും. നേതൃ സംഘമത്തില്‍ പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി അംഗം തോമസ്‌ മാഞ്ഞൂരാന്‍ അധ്യക്ഷത വഹിച്ചു. സി.എ.സി.കെ.ഇ. അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. സി.എ.സി. അംഗങ്ങളായ ടി.എ.മുജീബ് റഹ്മാന്‍, സുബൈര്‍ വെട്ടിയാനിക്കല്‍, മുഹമ്മദ്‌ സിയാവുദ്ദീന്‍, എം.എസ.നൌഷാദ്, തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട്‌ തെരുവത്ത് ഉമ്മര്‍ ഹാജി, ജനറല്‍ സെക്രട്ടറി കടലായി സലിം മൌലവി എന്നിവര്‍ സംസാരിച്ചു. എറണാകുളം, തൃശ്ശൂര്‍, കോട്ടയം, പാലക്കാട്, ഇടുക്കി ജില്ലകളിലെ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍, കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

മഅദനിയെ തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിക്കണം- പണ്ഡിത സംഗമം

ശാസ്താംകോട്ട: തന്റെ ശബ്ദംകൊണ്ടും നിലപാടുകള്‍കൊണ്ടും ശ്രദ്ധേയനായ ഇസ്‌ലാമിക പണ്ഡിതന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തിനെതിരെ രാഷ്ട്രീയ-വിഭാഗീയ ചിന്തകള്‍ക്കതീതമായി പ്രതിഷേധിക്കേണ്ടത് ഏതൊരു പൗരന്റെയും ബാധ്യതയാണെന്ന് പണ്ഡിതസമ്മേളനം ആഹ്വാനം ചെയ്തു. കേരള മുസ്‌ലിം സംയുക്തവേദിയുടെ നേതൃത്വത്തില്‍ അന്‍വാര്‍ശ്ശേരിയിലാണ് പണ്ഡിതസമ്മേളനം നടന്നത്.
രോഗപീഡയാല്‍ ബുദ്ധിമുട്ടുന്ന, പരസഹായം ഇല്ലാതെ ഒരടി ചലിക്കാന്‍ കഴിയാത്ത മഅദനിക്ക് പൗരാവകാശം നിഷേധിക്കപ്പെടുന്നത് പൊതുസമൂഹം ഇനിയും നോക്കിനില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. മദനിക്കുനേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിനും അദ്ദേഹത്തിന് നീതി ലഭിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംയുക്തവേദിയുടെ നേതൃത്വത്തില്‍ ജൂലായില്‍ കളക്ടറേറ്റ് മാര്‍ച്ചുകളും രാജ് ഭവന്‍മാര്‍ച്ചും നടത്താന്‍ യോഗം തീരുമാനിച്ചു.
ദക്ഷിണകേരള ജം ഇയ്യത്തുല്‍ ഉലമ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം കാഞ്ഞാര്‍ അബ്ദുല്‍ റസാഖ് മൗലവി ഉദ്ഘാടനം ചെയ്തു. പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി അധ്യക്ഷത വഹിച്ചു. വൈ.എം.ഹനീഫാ മൗലവി, മൗലവി സലീമുല്‍ ഹാദി, മൗലവി നവാസ് മന്നാനി, വിഴിഞ്ഞം സിദ്ദിഖ് ബാഖവി, ജഅഫര്‍ അലി ദാരിമി, ഹുസൈന്‍ മൗലവി, സയ്യിദ് പൂക്കോയ തങ്ങള്‍, വി. എച്ച്. അലിയാര്‍ മൗലവി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, ബാദുഷാ മന്നാനി, അബ്ദുല്‍ ഗഫൂര്‍ മൗലവി, അബ്ദുല്‍ മജീദ് അമാനി തുടങ്ങിയവര്‍ സംസാരിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.