ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Wednesday, June 27, 2012

പി ഡി പി പാലപ്പിള്ളി : ബസ്‌ സ്റ്റോപ്പ്‌ നിര്‍മ്മാണത്തിന് തുടക്കമായി

പി ഡി പി പാലപ്പിള്ളി : ബസ്‌ സ്റ്റോപ്പ്‌  നിര്‍മ്മാണത്തിന് തുടക്കമായി 

""ജന സേവനം ജീവിത ദൌത്യം ""

തോട്ടം തൊഴിലാളികളും , കൂലി പണിക്കാരുമായ പാവപ്പെട്ട ജനങ്ങള്‍ താമസിക്കുന്ന പാലപ്പിള്ളി മേഖലയില്‍ ഒരു പാട് വര്‍ഷങ്ങളായി കോരിച്ചൊരിയുന്ന മഴയത്തും , ചുട്ടു പൊള്ളുന്ന വെയിലത്തും ബസ്‌ കാത്തു നില്‍ക്കാന്‍ ഒരു കൂര പോലും ഇല്ലാതെ കഷ്ടപ്പെട്ടിരുന്ന കന്നാട്ടു പാടം ഗവന്മേന്റ്റ് സ്കൂളിലെ വിധ്യാര്തികള്‍ക്ക് ആശ്വാസമായി പി ഡി പി - ഐ എസ എഫ് പാലപ്പിള്ളി മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിപ്പിട സൌകര്യങ്ങളോട് കൂടിയ ബസ്‌ സ്റ്റോപ്പ്‌ ന്‍റെ നിര്‍മ്മാണത്തിന് ഇന്ന് തുടക്കമായി . 

ഇന്ഷാ അല്ലാഹ് ഈ ആഴ്ചയില്‍ തന്നെ പൂര്‍ണ സജ്ജീകരനത്തോടെ ഈ ബസ്‌ സ്റ്റോപ്പ്‌ നാടിനും അവിടത്തെ പോന്നു മക്കള്‍ക്കുമായി സമര്‍പ്പിക്കാന്‍ നമുക്ക് സാധിക്കും എന്നാണു കരുതുന്നത് . അതിനായി എല്ലാവരുടെയും പ്രാര്‍ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു

Tuesday, June 26, 2012

മഅ്ദനിക്ക് ഇരട്ടത്തടവ് വിധിക്കുമ്പോള്‍

മഅ്ദനിക്ക് ഇരട്ടത്തടവ് വിധിക്കുമ്പോള്‍

കവര്‍‌സ്റ്റോറി പി. മുജീബുര്‍റഹ്മാന്‍ 




മേയ് 19-ന് രാവിലെ ശഹീര്‍ മൗലവി, കെ.എ ഷഫീഖ് എന്നിവരോടൊന്നിച്ചാണ് മഅ്ദനിയെ കാണാനായി ബാംഗ്ലൂരിലെത്തിയത്. ഇതിനു മുമ്പും പരപ്പന അഗ്രഹാര ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ ജയില്‍ നടപടിക്രമങ്ങള്‍ അല്‍പംകൂടി കണിശമായി അനുഭവപ്പെട്ടു. ജയിലില്‍ മാത്രമല്ല, കര്‍ണാടകയില്‍ പൊതുവില്‍തന്നെ അന്തരീക്ഷം അതിവേഗം മാറിവരികയാണ്. ഗുജറാത്തിനെ കടത്തിവെട്ടും വിധമാണ് കര്‍ണാടകയിലിപ്പോള്‍ ഭരണകൂട ഭീകരത പിടിമുറുക്കിക്കൊണ്ടിരിക്കുന്നുത്. സുഊദിയില്‍ നിന്ന് പിടികൂടിയ ഫസീഹ് മുഹമ്മദ് ഈ ഭീകരവേട്ടയിലെ അവസാന കണ്ണിയാണ്. ഭരണകൂടത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന വിവരങ്ങളാണ് ഫസീഹിന്റെ ഭാര്യ നിഖാത് പര്‍വീന്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഞങ്ങള്‍ ജയില്‍ ഉദ്യോഗസ്ഥരുടെ മുമ്പിലെത്തി മേല്‍വിലാസവും വിരലടയാളവും നല്‍കി ഫോട്ടോക്ക് പോസ് ചെയ്തു. സന്ദര്‍ശകരെ പൂര്‍ണമായും കമ്പ്യൂട്ടറില്‍ പകര്‍ത്തി എന്നുറപ്പുവരുത്തിയ ശേഷം പരപ്പന അഗ്രഹാര ജയിലിന്റെ കരിങ്കവാടം ഞങ്ങള്‍ക്കു മുമ്പില്‍ തുറക്കപ്പെട്ടു.


കഴിഞ്ഞ തവണ മഅ്ദനിയെ സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വീല്‍ചെയര്‍ തള്ളിക്കൊണ്ടുവന്ന 35കാരന്‍ ഇത്തവണ ഞങ്ങളെത്തുമ്പോള്‍ അഗ്രഹാര ജയിലിലില്ല. കിഡ്‌നി സംബന്ധമായ അസുഖം ബാധിച്ച് ചികിത്സ കിട്ടാതെ അയാള്‍ മരണപ്പെട്ടു എന്നാണറിഞ്ഞത്. ഞങ്ങള്‍ കാണുന്നതിന്റെ തലേദിവസമായിരുന്നു മഅ്ദനിയുടെ കേസ് വിചാരണക്കെടുത്തത്. സാക്ഷിയായി കോടതിയില്‍ ഹാജരാകേണ്ട മലപ്പുറത്തുകാരനായ യുവാവ് ഹോസ്പിറ്റലില്‍ മാരകമായ രോഗാവസ്ഥയിലായിരുന്നതിനാലാണ് അന്ന് വിചാരണ നടക്കാതെ പോയത്. കോടതിയും പോലീസും ജയിലും നേര്‍ക്കുനേരെ നല്‍കുന്ന ശിക്ഷയേക്കാള്‍ വലിയ ശിക്ഷ ഇതിനകം അനുഭവിച്ചവരാണ് അവരിലധികപേരും. ഞങ്ങള്‍ സൂപ്രണ്ടിന്റെ റൂമിനരികില്‍ ചെന്നു നിന്ന് മഅ്ദനിയെ കാണാനാണെന്ന വിവരം അറിയിച്ചു. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ സെല്ലിലേക്ക് ആളെ വിട്ടു. പിന്നീട് ഏതാണ്ട് ഒരു മണിക്കൂറിലധികം കാത്തിരിപ്പായിരുന്നു. നൂറുകണക്കിനു മനുഷ്യര്‍ ജീവിതായുസ്സ് മുഴുവന്‍ കാത്തിരിപ്പിനു നീക്കിവെച്ച ഒരു ലോകത്ത് ഞങ്ങളുടെ ഒരു മണിക്കൂര്‍ ഒന്നുമല്ലെന്നറിയാം. എങ്കിലും ജയിലിനകത്ത് വിവിധ സേവനങ്ങള്‍ അനുഷ്ഠിക്കുന്ന പ്രതികളോട് സംസാരിച്ചും അവരുടെ വേദന പങ്കുവെച്ചും കാത്തിരിപ്പിന്റെ മുഷിപ്പ് മറികടക്കാന്‍ ശ്രമിച്ചു. ഇടക്കിടെ പലരുംവന്ന് ആദരവോടെ ചോദിക്കുന്നുണ്ടായിരുന്നു 'മഅ്ദനിയെ കാണാന്‍ വന്നതാണോ?' എന്ന്. പുള്ളികളും ജയിലധികൃതരും തന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനും നിരപരാധിത്വത്തിനും മുന്നില്‍ വലിയ ആദരവ് പ്രകടിപ്പിക്കുന്നതായാണ് അനുഭവപ്പെട്ടത്.


പതിവുപോലെ കാത്തിരിപ്പിനുശേഷം പ്രതീക്ഷിച്ച കാഴ്ച. ദൂരെ വീല്‍ചെയറില്‍ സഹായികളോടൊപ്പം ചീകിമിനുക്കിയ താടിയും കറുത്ത തൊപ്പിയും വെളുത്ത ജുബ്ബയും തെളിഞ്ഞ മുഖവുമായി കാരിരുമ്പുകള്‍ക്ക് തന്നെ തകര്‍ക്കാനാവില്ലെന്ന ദൃഢമനോഹരഭാവവുമായി അദ്ദേഹം കടന്നുവന്നു. സംസാരിക്കാറുള്ള റൂമിന്റെ പ്രവേശന കവാടത്തില്‍ ഞങ്ങള്‍ നിന്നു. കണ്ടില്ലെന്ന ഭാവത്തില്‍ മഅ്ദനി റൂമിലേക്ക് പ്രവേശിച്ചു. ഏറെ അടുത്ത് ചെന്നിരുന്നപ്പോള്‍ അദ്ദേഹം സലാം ചൊല്ലി. കാണുമ്പോള്‍ ദൂരേനിന്ന് തന്നെ അഭിവാദ്യം ചെയ്യുന്ന മഅ്ദനിക്കെന്തുപറ്റി? അത് മനസ്സിലാക്കിക്കൊണ്ടാവണം അദ്ദേഹം പറഞ്ഞു: ''നിങ്ങളെ എനിക്ക് കാണാന്‍ കഴിയുന്നില്ല. ഇപ്പോള്‍ വളരെ അടുത്തിരുന്നപ്പോഴേ നിങ്ങളെ തിരച്ചറിഞ്ഞുള്ളൂ. കാഴ്ച ഏതാണ്ട് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്''. കാല്‍ നഷ്ടപ്പെട്ട മഅ്ദനിക്ക് കാഴ്ചകൂടി നഷ്ടപ്പെടുന്നു. ഇത് പറയുമ്പോഴും മഅ്ദനിയുടെ കണ്ണിന് നല്ല തിളക്കം. മുഖത്ത് പതിവ് പുഞ്ചിരിയും. കണ്ണിലെ ഞരമ്പുകള്‍ ഓരോന്നായി ദുര്‍ബലമാവുകയാണ്.


മഅ്ദനി പറഞ്ഞു: ''തടവറയിലും ഞാന്‍ സ്വാതന്ത്ര്യമനുഭവിക്കുന്നത് വായനയിലൂടെയാണ്. ലോകം കാണുന്നതും അറിയുന്നതും ചുറ്റിസഞ്ചരിക്കുന്നതുമെല്ലാം അങ്ങനെയാണ്. ബാംഗ്ലൂരില്‍ ഏറ്റവും ഉയര്‍ന്ന ആശുപത്രിയില്‍ തന്നെ സ്വന്തം ചെലവില്‍ ചികിത്സ ലഭിക്കാന്‍ ഞാന്‍ അനുമതി തേടി. ഹോസ്പിറ്റലില്‍ ഒരു ഡയബറ്റിക് പേഷ്യന്റിനെ ലേസര്‍ ചികിത്സ നടത്തുമ്പോള്‍ പാലിക്കേണ്ട ഒരു കരുതലും എന്റെ കാര്യത്തില്‍ അവരെടുത്തില്ല. ചികിത്സയുടെ ചില ഘട്ടങ്ങളില്‍ അവരോട് രൂക്ഷമായി പ്രതികരിക്കേണ്ടി വന്നു. എന്റെ കാഴ്ചക്ക് വേണ്ടി ഞാന്‍ തന്നെ ഹോസ്പിറ്റലില്‍ പൊരുതുകയായിരുന്നു (ഇതാണല്ലോ കോടതിക്ക് കര്‍ണാടക സര്‍ക്കാര്‍ ഉറപ്പുകൊടുത്ത ചികിത്സയെന്ന് ഞാന്‍ ഓര്‍ത്തുപോയി). ഹോസ്പിറ്റല്‍ വിട്ട് വീണ്ടും ജയിലില്‍ എത്തി. ചികിത്സ കണ്ണിന്റെ കാഴ്ചയെ വീണ്ടെടുക്കുകയല്ല, അപകടപ്പെടുത്തുകയായിരുന്നുവെന്ന് അന്നുരാത്രി തന്നെ എനിക്ക് മനസ്സിലായി. ചികിത്സക്ക് ശേഷം ഇരുട്ടു മൂടിയ ഇടതുകണ്ണിലൂടെ ഒന്നും കാണാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ലേസര്‍ ചികിത്സയിലെ സൂക്ഷ്മത കുറവ് ഞരമ്പുകളെ തളര്‍ത്തിയിരിക്കുന്നു. അനുദിനം അവ ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാഴ്ചകൂടി നഷ്ടപ്പെട്ടതോടെ എന്റെ തടവ് കൂടുതല്‍ ഭീകരമാവുകയാണ്. ഒരു ദിവസം അഞ്ചുപത്രങ്ങള്‍ വായിക്കുമായിരുന്നു. ഏതാണ്ട് നല്ല സാഹിത്യങ്ങളെല്ലാം വായിച്ച് തീര്‍ക്കുമായിരുന്നു. സന്ദര്‍ശകരോട് ഞാന്‍ എന്നും ആവശ്യപ്പെട്ടത് പുസ്തകങ്ങളുമായി വരണമെന്നായിരുന്നു. എന്നാലിന്ന് ഞാന്‍ കരുതിവെച്ച പുസ്തകങ്ങള്‍ സന്ദര്‍ശകര്‍ വശം തിരിച്ചയച്ച് തുടങ്ങിയിരിക്കുന്നു. ജയിലില്‍ അല്ലാഹു കഴിഞ്ഞാല്‍ കൂട്ടിനുണ്ടായിരുന്ന പുസ്തകങ്ങളും ഇനി എനിക്ക് അന്യമാവുകയാണ്. ഇതിനെല്ലാം പുറമെ ഷുഗര്‍ പരിധി വിട്ടിരിക്കുന്നു. ഒരു ദിവസം തന്നെ പല സമയങ്ങളിലായി പരിശോധന അനിവാര്യമാണ്. ഭക്ഷണവും നിയന്ത്രിക്കപ്പെട്ടു. രാത്രി ഉറക്കം പാടെ നഷ്ടപ്പെട്ടിരിക്കുന്നു''.


മതം, രാഷ്ട്രീയം, സംസ്‌കാരം, മീഡിയ, മനുഷ്യാവകാശം തുടങ്ങി ഒട്ടേറെ വിഷയങ്ങളിലേക്കും അദ്ദേഹത്തിന്റെ സംസാരം നീണ്ടു. ഒരു പക്വമതിയുടെ അഭിപ്രായങ്ങളും നിലപാടുകളുമാണ് ശാന്തമായി അദ്ദേഹത്തിന് പങ്കുവെക്കാനുണ്ടായിരുന്നത്. ഈ റമദാനോടുകൂടി നിരപരാധിയായ ഈ മതപണ്ഡിതന്റെ ജയില്‍ വാസത്തിന് രണ്ടുവര്‍ഷം തികയുകയാണ്. നഷ്ടപ്പെട്ട കാലും കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കണ്ണും ബാക്കിവെക്കുന്നത് അരജീവിതം നയിക്കുന്ന മഅ്ദനിയെയാണ്. അദ്ദേഹം പരീക്ഷണഘട്ടത്തെ സന്തോഷപൂര്‍വം അഭിമുഖീകരിക്കുന്നു. അദ്ദേഹത്തെ പീഡനപര്‍വങ്ങളിലേക്ക് തള്ളിവിട്ടവരേക്കാള്‍ മനസ്സമാധാനം അദ്ദേഹം അനുഭവിക്കുന്നുണ്ട്. അത് ഇസ്‌ലാം അദ്ദേഹത്തിന് നല്‍കിയ, ഒരു ശക്തിക്കും തകര്‍ക്കാനാവാത്ത അല്ലാഹുവിലുള്ള വിശ്വാസം ഒന്നുകൊണ്ട് മാത്രമാണ്.


എന്നാല്‍ ഈ ഭീകരവേട്ടയോട് കേരളം പുലര്‍ത്തുന്ന കുറ്റകരമായ മൗനം അപമാനകരമാണെന്ന് പറയാതെ വയ്യ. മുസ്‌ലിം സമുദായം കാണിക്കുന്ന നിസ്സംഗത അപായകരവുമാണ്. ഭീകരവേട്ടയിലെ അവസാന പേരല്ല അബ്ദുന്നാസിര്‍ മഅ്ദനി. നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ ഈ ലിസ്റ്റില്‍ പേര് ചേര്‍ക്കപ്പെട്ടുക്കൊണ്ടേയിരിക്കുന്നു. ഇന്ത്യയിലെ മുസ്‌ലിം ചെറുപ്പക്കാര്‍ ഇപ്പോള്‍ ഭീകരവേട്ടയുടെ ക്യൂവിലാണ്. ഈ സാമ്രാജ്യത്വ- സംഘ്പരിവാര്‍ ഗൂഢാലോചനയെ തിരിച്ചറിയുന്നതില്‍ നാം വരുത്തുന്ന കാലവിളംബത്തിന് കൊടുക്കേണ്ടിവരുന്ന വില കനത്തതായിരിക്കും. ഭീകരത ഇസ്‌ലാമിക വിരുദ്ധവും ചെറുക്കപ്പെടേണ്ടതുമാണ്. എന്നാല്‍ 'ഇസ്‌ലാം ഭീതി' പടര്‍ത്തി നിരപരാധികളെ വേട്ടയാടുന്ന ഭരണകൂട ഭീകരത പ്രാകൃതവും ജനാധിപത്യവിരുദ്ധവുമാണ്. മഅ്ദനിപ്രശ്‌നത്തിലെ മനുഷ്യാവകാശ ലംഘനം ഒരുനിലക്കും നീതീകരിക്കാനാവില്ല. ഭീകരമുദ്ര ചാര്‍ത്തി വേട്ടയാടപ്പെടുന്ന അദ്ദേഹത്തിന്റെ ഭാര്യ, മക്കള്‍, പാതി തളര്‍ന്ന പിതാവ്, അനാഥമാക്കപ്പെട്ട സ്ഥാപനത്തിലെ അന്തേവാസികള്‍ ഇവരെല്ലാം അനുഭവിക്കേണ്ടിവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ വിവരണാതീതമാണ്. ഇതിനിടയില്‍ നിയമപോരാട്ടവും വലിയ ബാധ്യതയായി മാറുകയാണ്. ഇന്ത്യയില്‍ നിയമപോരാട്ടം സാധാരണക്കാരന് പറഞ്ഞതല്ല. സമ്പന്നര്‍ക്കേ അത് സാധ്യമാവൂ. സമുദായത്തിന്റെ സഹതാപക്കണ്ണീരല്ല അദ്ദേഹം ആവശ്യപ്പെടുന്നത്. ആര്‍ക്കുമുമ്പിലും തലകുനിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നുമില്ല. ഇത്തരം മനുഷ്യവകാശ ലംഘനങ്ങള്‍ക്കെതിരെയുള്ള ഒരു പോരാട്ട മനസ്സ് അദ്ദേഹം കേരളീയരില്‍നിന്ന് പ്രതീക്ഷിക്കുന്നു. തന്റെ ജയില്‍വാസം അര്‍ഥപൂര്‍ണമാവണമെങ്കില്‍ ഈയൊരു പോരാട്ടത്തിന് തുടക്കം കുറിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കരുതുന്നു. തന്റെ ജയില്‍വാസം കൊണ്ട് ഒരു ജനതയുടെ നീതിബോധവും സ്വാതന്ത്ര്യബോധവും ഉണര്‍ത്താനായാല്‍ അദ്ദേഹം സംതൃപ്തനാണ്. അതോടൊപ്പം സാമ്പത്തികബാധ്യതകളാല്‍ അദ്ദേഹത്തിന്റെ നിയമപോരാട്ടം ദുര്‍ബലപ്പെടുകയില്ലെന്ന് നാം ഉറപ്പുവരുത്തുകയും വേണം.

മനുഷ്യാവകാശ മഹാ സമ്മേളനം വിജയിപ്പിക്കുക - പി.ഡി.പി.


മനുഷ്യാവകാശ മഹാ സമ്മേളനം വിജയിപ്പിക്കുക - പി.ഡി.പി. 
 
പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി അനുഭവിക്കുന്ന മനുഷ്യാവകാശ ലംഖനതിനും നീതി നിഷേധത്തിനും എതിരെ, അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട്  ജൂലയ്‌ 14 ന് പി.ഡി.പി. സംസ്ഥാന കമ്മിറ്റി കൊല്ലത്ത്  നടത്തുന്ന മനുഷ്യാവകാശ മഹാ സമ്മേളനവും റാലി യും വന്‍വിജയമാക്കാന്‍ പി.ഡി.പി. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സുബൈര്‍ പടുപ്പ് ആഹ്വാനം ചെയ്തു. കാസര്ഗോഡ് ആലിയ ഓഡിറ്റോരിയത്തില്‍ നടന്ന പി.ഡി.പി. കാസര്ഗോഡ് ജില്ല സമ്മേളന പ്രചാരണ കണ്‍വെന്ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എയര്‍ ഇന്ത്യ: സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം -പി.സി.എഫ്

എയര്‍ ഇന്ത്യ: സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം -പി.സി.എഫ്





ജിദ്ദ: എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം ഉടന്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം ഇടപെടണമെന്നും കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ശക്തമാക്കണമെന്നും പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യാ സമരം മൂലം അവധിക്കാലത്ത് നാട്ടില്‍ പോകേണ്ട പതിനായിരക്കണക്കിന് പ്രവാസികള്‍ കടുത്ത ദുരിതത്തിലായിട്ടും ഈ വിഷയത്തിന് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗത പ്രവാസികളോടുള്ള ക്രൂരതയാണ്. ഈ സമീപനം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രവാസികള്‍ എയര്‍ ഇന്ത്യ ബഹിഷ്‌കരിച്ച് മറ്റു വിമാനസര്‍വീസുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാവുമെന്നും പി.സി.എഫ്. ജിദ്ദ സെക്രട്ടറിയേറ്റ് ഓര്‍മപ്പെടുത്തി. 
പ്രസിഡന്റ് ദിലീപ് താമരക്കുളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം നാഷണല്‍ കമ്മിറ്റിയംഗം പി.എ. മുഹമ്മദ് റാസി ഉദ്ഘാടനം ചെയ്തു. സുബൈര്‍ മൗലവി, ഇ.എം. അനീസ്, ഷിഹാബ് പൊന്മള, ജാഫര്‍ മുല്ലപ്പള്ളി, നാസര്‍ ചെമ്മാട്. അബ്ദുള്‍ റശീദ് ഓയൂര്‍ എന്നിവര്‍ സംസാരിച്ചു. ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും മുസ്തഫ പുകയൂര്‍ നന്ദിയും പറഞ്ഞു.

Friday, June 8, 2012

പി ഡി പി വാഹന പ്രചാരണ ജാഥ നടത്തി


പി ഡി പി വാഹന പ്രചാരണ ജാഥ നടത്തി 


അബ്ദുല്‍ നാസര്‍ മദനിയുടെ ജീവന്‍  രക്ഷിക്കുക  എന്നാ  ആവശ്യവുമായി  പി ഡി പി പുതുക്കാട്  മണ്ഡലം  കമ്മറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ വാഹന പ്രജാരണ  ജാഥ നടത്തി . ജില്ല സെക്രടറി കടലായി സലിം മൌലവി , സംസ്ഥാന സമിതി അംഗം അംജദ് ഖാന്‍ പാലപ്പിള്ളി , മണ്ഡലം പ്രസിഡന്റ്‌ അബു ഹാജി , സെക്രടറി ശിഹാബ് എന്നിവര്‍ സംസാരിച്ചു 

മഅദനിയും മഹാശ്വേതയും ; തോന്നുമ്പോള്‍ ചലിക്കുന്ന നാവുകളും


മഅദനിയും മഹാശ്വേതയും ; തോന്നുമ്പോള്‍ ചലിക്കുന്ന നാവുകളും


 മലയാളിയുടെ ചിന്താശേഷി നീളുന്നത്‌ മിക്കപ്പോഴും ഓര്‍മ്മകള്‍ക്ക്  അതിവേഗം പൂപ്പല്‍ ബാധിക്കുന്നിടം വരെ മാത്രമാണ്. മറവിയുടെ കാര്യത്തില്‍ നാം ചൂണ്ടിക്കാട്ടുന്നത് അരണ എന്ന ജന്തുവിനെ ആണെങ്കില്‍ അത് കേരളീയനെന്നു തിരുത്താന്‍ എവിടെ ആണ് അപേക്ഷ നല്‍കേണ്ടത്?   
                                                                                                                               
         ഒഞ്ചിയം വളര്‍ത്തി, തന്റെ നിലപാടുകളില്‍ ഉറച്ചു നിന്ന്, ഒടുവില്‍ താന്‍ സ്വയം പ്രതീക്ഷിച്ചത് പോലെ കിരാതമായ ഒരു ആക്രമണത്താല്‍ വിട പറയേണ്ടി വന്ന ചന്ദ്രശേഖരന്‍ നമുക്ക്  ത്യാഗത്തിന്റെ ചോരപ്പൊട്ടാണ്. ആ കൊലപാതകത്തെ ഭൂമി മലയാളത്തില്‍ ഒരു കുഞ്ഞും ന്യായീകരിച്ചിട്ടില്ല. ഇടുക്കിക്കാരന്‍ മണിയാശാന്‍ പോലും ഉള്ളു കൊണ്ട് അതിനെ അംഗീകരിക്കണമെന്നില്ല.തന്റെ പാര്‍ട്ടിക്ക് വേണ്ടി അരുതാത്തത് പറഞ്ഞ എം.എം. മണി നിയമ നടപടികളെ നേരിടുന്ന വര്‍ത്തമാന കാലത്തില്‍, ചന്ദ്രശേഖരന്‍ വധം ഇളക്കി വിട്ട കോലാഹലം വിശകലനം ചെയ്യാനും മനുഷ്യാവകാശ നിഷേധങ്ങളില്‍ നമുക്കുള്ള നിലപാടുകള്‍ വ്യക്തമാക്കാനും നിഷ്പക്ഷത കൈ മുതലാക്കിയ മലയാളികള്‍ തയ്യാറാകണം. 

             കുറെ നാള്‍ മുന്‍പ്  പി.ഡി.പി. ചെയര്‍മാന്‍  അബ്ദുന്നാസിര്‍ മഅദനി  എന്ന പച്ച മനുഷ്യനെ ഉപ്പും മുളകും കൂട്ടി വേവിക്കാതെ തന്നെ കഴിച്ച് ഏമ്പക്കവും വിട്ടു രാഷ്ട്രീയത്തിലും  തൊഴില്‍ മേഖലയിലും റേറ്റിംഗ് കൂട്ടിയ ഒരു വിഭാഗം ഇവിടെ ഉണ്ടായിരുന്നു. ഇപ്പോഴും അത് സാഹചര്യങ്ങള്‍ക്കനുസരിച്ച്  തുടരുന്നു.ചില രാഷ്ട്രീയ നേതാക്കളും അവരുടെ പാഷാണപുരാണങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങിയിരുന്ന സ്വ. ലേ. മാരും  പിണറായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മാധ്യമ സിണ്ടിക്കേറ്റ് ) മാനുഷിക വിഷയങ്ങളില്‍ നിന്നും ക്ലീനായി ഓടിയൊളിക്കുന്ന സാംസ്കാരിക നായകരും അടക്കം ഓരോ വിഷയങ്ങളിലും മലയാളിയുടെ വിവേകം ഇക്കൂട്ടര്‍  വിലക്ക് വാങ്ങിയിരിക്കുന്നു.      
                                                                    
             അന്‍വാര്‍ശേരിയില്‍ ആന മുട്ടയുടെ വലിപ്പമുള്ള ബോംബുകളും കുതിരക്കൊമ്പ് കൊണ്ടുണ്ടാക്കിയ മാരകായുധങ്ങളും ശേഖരിച്ചു വച്ചിട്ടുണ്ട് എന്ന് നൂറായിരം ഭാഷകളില്‍ കമന്ററി കാച്ചി , വേണ്ടി വന്നാല്‍ തങ്ങളുടെ ഫയലില്‍ നേരത്തെ ഷൂട്ട്‌ ചെയ്തു വച്ചിരിക്കുന്ന ആയുധങ്ങളും  മുഖം മൂടി ഇട്ട ചെക്കന്മാരുടെ ചിത്രങ്ങളും ചേര്‍ത്ത് സമൂഹത്തെ ഭയപ്പെടുത്തി വന്നിരുന്നവര്‍   ഇപ്പോള്‍ സി.പി.എമ്മിന്റെ പിന്നാലെ വിടാതെ പിന്തുടരുകയാണ്. ഒരു മണിക്കൂര്‍ നേരം മഅദനിയോടൊപ്പം  കുറ്റിപ്പുറത്ത് പിണറായി വേദി പങ്കിട്ടതില്‍ വന്ന കുശുമ്പു  മൂത്ത്  "അയ്യോ കേരള നാട് ഇടിഞ്ഞു വീഴാന്‍ പോകുന്നെ" എന്ന് ആര്‍ത്തു വിളിച്ചു കരഞ്ഞവര്‍ "കേരളത്തിലെ കൊടും ഭീകരനെ" വൈകാതെ ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ അനന്തമായ വിചാരണത്തടവുകാരനാക്കാന്‍ വല്ലാതെ പണി എടുക്കുക ആയിരുന്നു.       വികലാംഗനും   രോഗിയും കോയമ്പത്തൂര്‍ ജയിലിലെ വിചാരണത്തടവുകാരനായി, പത്താണ്ടുകാലം അന്യായമായി കൊടിയ പീഡനം അനുഭവിക്കുകയും ചെയ്ത വ്യക്തിയാണ് അബ്ദുന്നാസിര്‍ മഅദനി. ഒടുവില്‍ നിരപരാധി എന്ന പട്ടവും വാങ്ങി എല്ലാ വേദനകളും ഉള്ളിലൊതുക്കി പുഞ്ചിരിയോടെ പുറത്തു വന്ന  ആ പൊതു പ്രവര്‍ത്തകനെ  വീണ്ടും അറസ്റ്റു   ചെയ്തപ്പോള്‍ മഹാശ്വേത അടക്കമുള്ള സാംസ്കാരിക സിംഹങ്ങള്‍ ഉറക്കമായിരുന്നോ?                                                                                                  

                    മഅദനിയുടെ തോളോട് തോള്‍ ചേര്‍ന്ന് കുറ്റിപ്പുറത്ത് മര്‍ദ്ദിത ജനതയെ അഭിസംബോധന ചെയ്ത പിണറായിക്കാരന്  ഒരു മുട്ടന്‍ പണി  അന്നേ സാമ്രാജ്യത്വ കഴുകന്മാര്‍ നീക്കി വച്ചിരിക്കാം.അവസരം കിട്ടുമ്പോള്‍ കഴുത്തിനു പിടിക്കാം എന്നവര്‍ സംഘടിതമായി തീരുമാനിച്ചിട്ടുമുണ്ടാകാം.മഅദനിയെ  തീവ്രവാദമുദ്ര കുത്തി എത്ര വട്ടം ജയിലില്‍ അടച്ചാലും ഒരു പക്ഷേ "സകലമനുഷ്യാവകാശങ്ങ ളുടെയും വിളനിലമായ ഗ്വാണ്ടാനാമയില്‍" തടവിലാക്കിയാലും "നിയമം നിയമത്തിന്റെ വഴിയെ പോകട്ടെ" എന്ന ജനാധിപത്യ   പ്രതിബദ്ധത  ഉച്ചത്തില്‍ വിളമ്പുന്നവര്‍ ഈ നാട്ടില്‍ ഉണ്ടാകുമെന്ന് സാമ്രാജ്യത്വ ദാസന്മാര്‍ക്ക്  നന്നായി അറിയാമായിരുന്നു.     
             മഅദനിയുടെ  ചോര വിറ്റ്  വോട്ടാക്കി  ഇടതു പക്ഷം കഴിഞ്ഞ തവണ നേടിയത് നൂറിനടുത്ത സീറ്റുകളാ യിരുന്നു.മുഖ്യമന്ത്രിപദം ഏറ്റെടുത്ത വി.എസ്‌. മണിക്കൂറുകള്‍ക്കകം   മഅദനി സ്നേഹം തുളുമ്പിനില്‍ക്കുന്ന ഒരു പത്ര സമ്മേളനം നടത്തി. എന്തായിരുന്നു മുഖ്യമന്ത്രി എന്ന നിലയില്‍  ഒരു മണിക്കൂര്‍ നീണ്ടു നിന്ന ആ പത്ര സമ്മേളനത്തിന്റെ   നാല്പതു മിനിട്ടും വി.എസ്‌. പറഞ്ഞ മ അദനി പുരാണം. ഹോ... ഓര്‍ക്കുമ്പോള്‍ രോമാഞ്ചം കൊള്ളുന്നു. അന്നേ വിവരമുള്ളവര്‍ പറഞ്ഞു ഇത് തട്ടിപ്പായിരിക്കും  എന്ന്. എന്തായാലും വി.എസ്‌. അന്ന് വാക്ക്  പാലിച്ചു. അത്യാവശ്യം ചികില്‍സയൊക്കെ കിട്ടാന്‍ ശ്രമങ്ങള്‍ നടത്തി.
           പക്ഷേ ഇവരുടെ ഒന്നും സഹായം ഇല്ലാതെ തന്നെ കോടതിയില്‍ നിരപരാധിത്വം തെളിയിച്ചു പുറത്തു വന്ന മഅദനിക്ക്  അദ്ദേഹം ആവശ്യപ്പെടാതെ തന്നെ ബി.കാറ്റഗറി സുരക്ഷ നല്‍കിയത് വി.എസ്‌. ഗവണ്‍മെന്റ് ആയിരുന്നു. അല്പകാലം കഴിഞ്ഞ് സാക്ഷാല്‍  വി.എസും  മഅദനിയും അന്‍വാര്‍ശേരിയില്‍ വച്ച് നടന്ന   മാനവ സൗഹാര്‍ദ്ദ സമ്മേളനത്തില്‍ രണ്ടു മണിക്കൂര്‍ നേരം വേദി പങ്കിട്ടു. ഒരു കോലാഹലവും എവിടെയും ഉണ്ടായില്ല. എന്തും വിളിച്ചു പറയുന്ന ചില  നേതാക്കള്‍ തങ്ങളുടെ വൃത്തികെട്ട നാവുകള്‍ കൊണ്ട് താലിബാന്‍ കേന്ദ്രമാണ് അന്‍വാര്‍ശേരി എന്ന് കഴിഞ്ഞ പാര്‍ലമെന്റ്   തെരഞ്ഞെടുപ്പു കാലത്ത് വിശേഷിപ്പിക്കുകയുണ്ടായി എന്നുള്ളത്   പില്‍ക്കാല ചരിത്രം.                                        
           "ആകാശം ഇടിഞ്ഞു വന്നാലും അവിടെ നില്‍ക്കട്ടെ എന്ന് പറയുന്ന നേതാവാണ്‌ പിണറായി " എന്നാണ് കുറ്റിപ്പുറത്ത് മഅദനി പ്രസംഗിച്ചത്.  മഅദനി പറഞ്ഞ ആ കാര്യം ശരിയാണെന്ന് പില്‍ക്കാല ചരിത്രം നമ്മെ ബോധ്യപ്പെ ടുത്തുന്നു.അദ്ദേഹം ഇതുവരെ മഅദനിയെ തള്ളിപ്പറഞ്ഞിട്ടില്ല   എന്നതാണ് വസ്തുത . "ദേ  ഭീകരവാദി... അതാ തീവ്രവാദി എന്നൊക്കെ   പറഞ്ഞു ഞങ്ങളെ വിരട്ടല്ലേ"  എന്ന് മാധ്യമങ്ങളോട് പറയാനുള്ള ആര്‍ജ്ജവം പിണറായി കാട്ടുകയും ചെയ്തു.  
                    ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര്‍   കണ്ടാല്‍ മതി എന്ന  ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തുന്ന എല്‍.ഡി.എഫ്. ലെ തന്നെ  മഹാന്മാര്‍  വിദഗ്ദമായി സി.പി.എമ്മിനെ കുളിപ്പിച്ച് കിടത്തി. യഥാര്‍ഥത്തില്‍ അവര്‍ പിണറായിയെ തോല്‍പ്പിക്കാനുള്ള വാശിയില്‍ സ്വന്തം തറവാട് കുളം തോണ്ടി എന്ന് പറയാം. കുറ്റം   മുഴുവന്‍ മഅദനിക്കും! പാര്‍ലമെന്റ്   തെരഞ്ഞെടുപ്പു കാലത്തെ വി.എസി ന്റെ ചിരിയില്‍ അശ്ലീലത കലര്‍ന്നിരിക്കുന്നു എന്ന് സുകുമാര്‍ അഴീക്കോട്  പോലും പറയുക ഉണ്ടായി.
                      ബി കാറ്റഗറി   സുരക്ഷയില്‍ കഴിഞ്ഞ ഒരാള്‍ എങ്ങനെ കിലോമീറ്ററുകള്‍ താണ്ടി, സംസ്ഥാന അതിര്‍ത്തികള്‍ കടന്ന്, പരസഹായത്തോടെ കുടകില്‍ പോയി എന്ന് ഇന്നും വി. എസ്‌. വ്യക്തമാക്കിയിട്ടില്ല. അങ്ങനെ പോയിട്ടുണ്ടെങ്കില്‍ അത് താങ്കളുടെ മന്ത്രി സഭയുടെ തന്നെ പരാജയം ആയിരുന്നില്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ആരാണ് മറുപടി തരുന്നത്?  
                   പുതിയ വാര്‍ത്തകള്‍ പ്രകാരം മഅദനി എന്ന പൊതു പ്രവര്‍ത്തകന്റെ കാഴ്ച നഷ്ട്ടപ്പെടുന്നു എന്നറിയാന്‍  കഴിയുന്നു. കേരളത്തില്‍   നിന്ന് അദ്ദേഹത്തെ  വീണ്ടും  കെട്ടുകെട്ടിച്ചിട്ടു  കൊല്ലം രണ്ടു തികയാന്‍ പോകുന്നു! ഇനിയും ഇതൊരു മനുഷ്യാവകാശ പ്രശ്നമായി മഹാശ്വേതാദേവിക്കും വി.എസ്‌. നും തോന്നുന്നില്ലേ? സാംസ്കാരിക നായകര്‍ക്കും മോഹന്‍ലാല്‍ അടക്കമുള്ള താര രാജാക്കന്മാര്‍ക്കും അനുഭവപ്പെടുന്നില്ലേ?   
                  ഈ സന്ദര്‍ഭങ്ങള്‍   ഇവിടെ അവതരിപ്പിച്ചത് പത്രലേഖകരുടെ വി.എസിനോടുള്ള ചോദ്യത്തില്‍ നിന്നാണ്. താങ്കള്‍ എന്ത് കൊണ്ടാണ് കെ.കെ.രമയെ കാണാന്‍ വന്നതെന്ന     ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി വളരെ ഉദാത്തവും മനുഷ്യത്വപരവുമാണ്. 

        ഒരു വിധവയുടെ, ഭാര്യയുടെ, മാതാവിന്റെ ദുഖത്തില്‍ പങ്കു ചേരാന്‍ പാര്‍ട്ടി വിലക്കുകളെ മാനിക്കാതെ കടന്ന് ചെന്ന വി.എസ്‌.എന്തുകൊണ്ട് സൂഫിയ എന്ന മാതാവിനെ, ഭാര്യയെ കാണുന്നില്ല?

മൈനാഗപ്പള്ളിയിലെ തോട്ടുവാല്‍ മന്‍സിലില്‍ താമസിക്കുന്ന  അസുമാബീവി എന്ന മഅദനിയുടെ മാതാവിനെ കാണുന്നില്ല?

മകന് വേണ്ടിയും പാവങ്ങള്‍ക്ക് വേണ്ടിയും അധികാരികളുടെ വാതിലുകളില്‍ മുട്ടിവിളിച്ചു   ഒരു വശം തളര്‍ന്നു വീണു കിടക്കുന്ന മാതൃകാ അധ്യാപകനായ അബ്ദുസ്സമാദ് മാസ്റ്ററെ   കണ്ടില്ല?       

അന്‍വാറിലെ അനാഥ ക്കുഞ്ഞുങ്ങളുടെ ദുഃഖം കാണുന്നില്ല?

ഒഞ്ചിയത്തെ കണ്ണീരിനും അന്‍വാറിലെ കണ്ണീരിനും തുല്യ ഉപ്പുരസമല്ലേ? 

സലാഹുദ്ധീന്‍  അയ്യൂബിയും   ഉമര്‍ മുക്താറും ചന്ദ്ര ശേഖരന്റെ മകനെ പോലെ വികാര വിചാരങ്ങളുള്ള പാവം കുഞ്ഞുങ്ങളല്ലേ? 

പിണറായിക്ക്  തുറന്ന കത്തെഴുതിയ മഹാശ്വേതാദേവി അന്യായ തടങ്കല്‍ അനുഭവിക്കുന്ന നിരപരാധികളെ എന്തു കൊണ്ട് കാണുന്നില്ല?

മഅദനിയുടെ   കേസിന്റെ സത്യാവസ്ഥ തേടിപ്പോയ ഷാഹിന എന്ന പത്ര  പ്രവര്‍ത്തകയെ കള്ളക്കേസില്‍ കുടുക്കിയ കഥ അറിഞ്ഞില്ല ?

      ഇതൊക്കെ പറയാന്‍ ഈ നാട്ടില്‍ ഞങ്ങള്‍ കുറച്ചു പേരെ ഉള്ളൂ.. അധികാരത്തിന്റെ ചെങ്കോല്‍ ഒന്നും ഞങ്ങള്‍ക്ക്  കൈമാറേണ്ട.പാനപാത്രങ്ങള്‍ എല്ലാം നിങ്ങള്‍ എടുത്തോളൂ...

                 മുള്ളുവിരിച്ച പാതകളിലെ നഗ്നപാദ യാത്രികര്‍ക്കായി ആകാശത്തു കത്തിക്കാളുന്ന സൂര്യനും അതിനെ നിയന്ത്രിക്കുന്ന ദൈവവും മാത്രം.

ഒരിറ്റു നീരിനായി കുമ്പിള്‍ നീട്ടുമ്പോള്‍ ആ കൈകള്‍ തട്ടി മാറ്റാന്‍ പ്രജാപതിമാരും സാംസ്കാരിക നേതൃത്വവും തുനിയരുത്.

ഒരമ്മമാരും തനിക്കു പിറന്ന മക്കളുടെ വെട്ടിപ്പിളര്‍ന്നു വികൃതമാക്കിയ നിശ്ചേതന ശരീരങ്ങള്‍ കണ്ടു ഞെട്ടി ഉണരരുത്.  

ഭാര്യമാരെ   സങ്കടപ്പെരുമഴയില്‍  മുക്കി കിടാങ്ങള്‍ക്കൊപ്പം ഇറക്കി വിടരുത്.    

എല്ലാ പീഡിതരും എല്ലാ ജീവനുകളും തുല്യ വേദനയുടെ കമ്പളമാണ് പുതച്ചിരിക്കുന്നത്‌.

വാരിയെല്ല് കൊണ്ട് മൂടപ്പെട്ട ഹൃദയത്തിനുള്ളില്‍ അലിവിന്റെ  നറുമണം വീശാന്‍ ഓരോ കേരളീയനും മുന്നോട്ടു വരിക.     

ഓര്‍മ്മകള്‍ ഇടയ്ക്കു മുറിയുന്ന അല്‍ഷിമേഴ്സ് രോഗികളായി കേരളീയന്‍ മാറാതിരിക്കാന്‍ പ്രബുദ്ധത എന്ന മരുന്നു സേവിക്കുക...

മാനവികതക്കു വേണ്ടി അതിരുകളില്ലാതെ ഒന്നിക്കാന്‍ ഹൃദയ വിശാലത നാം ഓരോരുത്തരും കാണിക്കുക...                                      
അല്ലാത്തപക്ഷം അരണ ജനിക്കുന്നു... മരിക്കുന്നു...


വാല്‍ക്കഷ്ണം:-
മഅദനിയുടെ അന്യായ തടങ്കലിനെ   അനുകൂലിക്കുന്ന ഏതെങ്കിലും വ്യക്തികള്‍ ഉണ്ടെങ്കില്‍  അവരോടു  ഉണര്‍ത്താനുള്ളത് :

ഇന്റര്‍നെറ്റ്‌, നിറയെ വീഡിയോ ഗെയിം ഇന്‍ സ്റ്റാല്‍  ചെയ്ത കമ്പ്യൂട്ടര്‍ ,എല്‍.സി. ഡി. ടി വി., മൊബൈല്‍ ഫോണ്‍ ,വിഭവ സമൃദ്ധമായ ആഹാരം, എന്തും ചെയ്യാന്‍ സന്നദ്ധരായ പരിചാരകര്‍ തുടങ്ങിയവ ഒക്കെ തരാം. ഇതെല്ലാം ആസ്വദിച്ചു കൊണ്ട്  ഒരു മുറിയില്‍  അടച്ചു പൂട്ടി ഏകനായി ഇരുപത്തി നാല് മണിക്കൂര്‍ ഇരിക്കാന്‍  നിങ്ങള്‍ക്ക്‌ സാധിക്കുമോ? 

മാധ്യമ സുഹൃത്തുക്കളോട് ചോദിക്കുന്നു:

  ചികിത്സ ഇല്ലാതെ, കാഴ്ച ഇല്ലാതെ, പുറംലോകം കാണാതെ ഇരുട്ട്  ലോകത്തില്‍ ഒരു വ്യാഴവട്ടക്കാലം (പന്തീരാണ്ടു കൊല്ലം) പൂര്‍ത്തിയാക്കുന്ന മഅദനി അല്ല ന്യൂസ് മേക്കര്‍ എങ്കില്‍ പിന്നെ ആരാണ് ? 

മഅദനി അല്ല ന്യൂസ് മേക്കര്‍ എങ്കില്‍ പിന്നെ ആരാണ് ?

കടപ്പാട് : സുനില്‍ ഷാ