മഅദനിയെ തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിക്കണം- പണ്ഡിത സംഗമം
ശാസ്താംകോട്ട: തന്റെ ശബ്ദംകൊണ്ടും നിലപാടുകള്‍കൊണ്ടും ശ്രദ്ധേയനായ ഇസ്‌ലാമിക പണ്ഡിതന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തിനെതിരെ രാഷ്ട്രീയ-വിഭാഗീയ ചിന്തകള്‍ക്കതീതമായി പ്രതിഷേധിക്കേണ്ടത് ഏതൊരു പൗരന്റെയും ബാധ്യതയാണെന്ന് പണ്ഡിതസമ്മേളനം ആഹ്വാനം ചെയ്തു. കേരള മുസ്‌ലിം സംയുക്തവേദിയുടെ നേതൃത്വത്തില്‍ അന്‍വാര്‍ശ്ശേരിയിലാണ് പണ്ഡിതസമ്മേളനം നടന്നത്.
രോഗപീഡയാല്‍ ബുദ്ധിമുട്ടുന്ന, പരസഹായം ഇല്ലാതെ ഒരടി ചലിക്കാന്‍ കഴിയാത്ത മഅദനിക്ക് പൗരാവകാശം നിഷേധിക്കപ്പെടുന്നത് പൊതുസമൂഹം ഇനിയും നോക്കിനില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. മദനിക്കുനേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിനും അദ്ദേഹത്തിന് നീതി ലഭിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംയുക്തവേദിയുടെ നേതൃത്വത്തില്‍ ജൂലായില്‍ കളക്ടറേറ്റ് മാര്‍ച്ചുകളും രാജ് ഭവന്‍മാര്‍ച്ചും നടത്താന്‍ യോഗം തീരുമാനിച്ചു.
ദക്ഷിണകേരള ജം ഇയ്യത്തുല്‍ ഉലമ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം കാഞ്ഞാര്‍ അബ്ദുല്‍ റസാഖ് മൗലവി ഉദ്ഘാടനം ചെയ്തു. പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി അധ്യക്ഷത വഹിച്ചു. വൈ.എം.ഹനീഫാ മൗലവി, മൗലവി സലീമുല്‍ ഹാദി, മൗലവി നവാസ് മന്നാനി, വിഴിഞ്ഞം സിദ്ദിഖ് ബാഖവി, ജഅഫര്‍ അലി ദാരിമി, ഹുസൈന്‍ മൗലവി, സയ്യിദ് പൂക്കോയ തങ്ങള്‍, വി. എച്ച്. അലിയാര്‍ മൗലവി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, ബാദുഷാ മന്നാനി, അബ്ദുല്‍ ഗഫൂര്‍ മൗലവി, അബ്ദുല്‍ മജീദ് അമാനി തുടങ്ങിയവര്‍ സംസാരിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
No comments:
Post a Comment