വിദഗ്ധ ചികിത്സ: മഅ്ദനി സത്യവാങ്മൂലം നല്‍കി
ബംഗളൂരു: വിദഗ്ധ ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് അബ്ദുന്നാസിര്‍ മഅ്ദനി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി. മഅ്ദനിയുടെ ബന്ധു മുഹമ്മദ് റജീബാണ് ഇന്നലെ ഏകാംഗ ബെഞ്ചില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായ ബുധനാഴ്ച, ചികിത്സ ആവശ്യമുള്ള ആശുപത്രിയുടെ വിശദാംശങ്ങള്‍ അടുത്ത ബന്ധുക്കളിലാരെങ്കിലും എഴുതി നല്‍കണമെന്ന് ജസ്റ്റിസ് നാഗ്മോഹന്‍ദാസ് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് വ്യാഴാഴ്ച അഭിഭാഷകന്‍ മുഖേന സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജാമ്യം ലഭിച്ചാല്‍ കോടതിയുടെ അധികാരപരിധി വിട്ടു പോകില്ലെന്നും സ്വന്തം ചെലവില്‍ ചികിത്സ തേടിക്കൊള്ളാമെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആയുര്‍വേദ പഞ്ചകര്‍മ ചികിത്സക്കായി ബംഗളൂരുവിലെ സൗഖ്യ ആശുപത്രി, ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ച കണ്ണിന്‍െറയും മറ്റും പരിശോധനക്കായി അഗര്‍വാള്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിക്കണമെന്നും ഭാര്യയെയും മക്കളെയും കൂടെ നില്‍ക്കാന്‍ അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. കൂടാതെ വിചാരണ സമയത്ത് കൃത്യമായി ഹാജരാവാമെന്നും കോടതി എന്ത് ഉപാധിവെച്ചാലും അംഗീകരിക്കാമെന്നും കാണിച്ചാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ദീപാവലി അവധി കഴിഞ്ഞ് കോടതി ചേര്‍ന്നതിനുശേഷമേ ജാമ്യാപേക്ഷയില്‍ വിധിയുണ്ടാവൂ എന്നാണ് കരുതുന്നത്.
No comments:
Post a Comment