ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Saturday, June 18, 2011

മഅ്ദനിയെ കാണാന്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

ബാംഗ്ലൂര്‍ : സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പഞ്ചകര്‍മ ചികിത്സക്കായി വൈറ്റ്ഫീല്‍ഡിലെ ആയുര്‍വേദ ആശുപത്രിയായ 'സൗഖ്യ'യില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയെ സന്ദര്‍ശിക്കാന്‍ അഭിഭാഷകരെയും ബന്ധുക്കളെയും അനുവദിക്കാത്തത് വിവാദമാകുന്നു. ജൂണ്‍ ഏഴിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഅ്ദനിയെ സന്ദര്‍ശിക്കാന്‍ അഭിഭാഷകനും ബന്ധുവിനും അനുമതി നല്‍കണമെന്ന് കാണിച്ച് ജയില്‍ സൂപ്രണ്ട് കത്ത് നല്‍കിയിട്ടും സുരക്ഷാ ചുമതലയുള്ള ആംഡ് റിസര്‍വ് പൊലീസ് നിരസിച്ചു. കോടതി നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനും ചികിത്സാ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനുമാണ് കഴിഞ്ഞ ദിവസം മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ.പി. ഉസ്മാനും ബന്ധു മുഹമ്മദ് റജീബും കാണാന്‍ ശ്രമിച്ചത്. കോടതി ഉത്തരവ് നല്‍കിയാലേ സന്ദര്‍ശനാനുമതി നല്‍കാനാകൂ എന്നായിരുന്നു പൊലീസിന്റെ നിലപാട്.
മഅ്ദനിയെ സന്ദര്‍ശിക്കുന്നതില്‍നിന്ന് വിലക്കുന്നത് ജയില്‍ നിയമത്തിന്റെയും കോടതി ഉത്തരവിന്റെയും ലംഘനമാണെന്ന് അഡ്വ.പി. ഉസ്മാന്‍ പറഞ്ഞു. വിചാരണത്തടവുകാരെ ആഴ്ചയില്‍ രണ്ടു ദിവസം അടുത്ത ബന്ധുക്കള്‍ക്കും അഭിഭാഷകനും സന്ദര്‍ശിക്കാമെന്നും പഴവര്‍ഗങ്ങള്‍ നല്‍കാമെന്നുമാണ് ജയില്‍ നിയമം. ജയിലില്‍ ബന്ധുക്കള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കണമെന്ന് കോടതി വിധിയുമുണ്ട്. മഅ്ദനി ആശുപത്രിയില്‍ ചികിത്സയിലാണെങ്കിലും വിചാരണത്തടവുകാരന്‍ തന്നെയാണ്. ഈ സാഹചര്യത്തില്‍ ജയില്‍ നിയമവും കോടതി ഉത്തരവും ആശുപത്രിയിലും ബാധകമാണ്.
 ജയില്‍ സൂപ്രണ്ടിന്റെ അനുമതിയുണ്ടെങ്കില്‍ സന്ദര്‍ശനം അനുവദിക്കണം. എന്നാല്‍, ഈ ചട്ടങ്ങളെല്ലാം ലംഘിച്ച് അനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് മഅ്ദനിയുടെ അഭിഭാഷകന്‍ പറയുന്നത്.
ബംഗളൂരു സ്‌ഫോടന പരമ്പര കേസിന്റെ വിചാരണ പ്രത്യേക കോടതി ജൂലൈ ഏഴിലേക്കാണ് മാറ്റിയിരിക്കുന്നത്. സുപ്രീംകോടതിയില്‍ നല്‍കിയ ജാമ്യഹരജി ആഗസ്റ്റ് മൂന്നിന് പരിഗണിക്കും. ഈ രണ്ട് കേസുകളിലും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് സന്ദര്‍ശനാനുമതി തേടിയതെന്ന് മഅ്ദനിക്ക് വേണ്ടി വിചാരണക്കോടതിയിലും സുപ്രീം കോടതിയിലും ഹാജരാകുന്ന അഡ്വ. ഉസ്മാന്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ മഅ്ദനിയുടെ ചികിത്സാ വിവരങ്ങളും ആവശ്യമാണ്. മഅ്ദനിയുടെ എം.ആര്‍.ഐ സ്‌കാനിന്റെ റിപ്പോര്‍ട്ട് ആശുപത്രിയില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ബന്ധു സന്ദര്‍ശനാനുമതി തേടിയത്.
ബന്ധുക്കള്‍ക്കും അഭിഭാഷകനും സന്ദര്‍ശനാനുമതി നല്‍കിക്കൊണ്ടുള്ള കോടതി ഉത്തരവിന്റെ പകര്‍പ്പ് ഇന്ന് പൊലീസിന് സമര്‍പ്പിച്ചശേഷം കാണാന്‍ ശ്രമിക്കുമെന്നും ഇത് നിഷേധിച്ചാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അഡ്വ. ഉസ്മാന്‍ പറഞ്ഞു. (കടപ്പാട്-മാധ്യമം)

No comments:

Post a Comment