ശാക്തീകരണത്തിന് വേണ്ടി ശ്രമിക്കുന്നവരെ കരിനിയമങ്ങള്‍ ചുമത്തി ജയിലിലടക്കുന്നു - പി.ഡി.പി.
തൃശ്ശൂര്‍ : പാര്‍ശ്വവത്കൃത സമൂഹത്തിന്റെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി പ്രവര്‍ത്തിക്കുന്നവരെ കരിനിയമങ്ങള്‍ ചുമത്തി ജയിലിലടക്കുന്ന പ്രവണതകള്‍ ഭരണകൂടങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നതായി പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് അഭിപ്രായപ്പെട്ടു. തൃശ്ശൂര്‍ അലങ്കാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പി.ഡി.പി. മധ്യ മേഖലാ നേതൃയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കുന്നതിന് പൊതുസമൂഹത്തിന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാവണമെന്നും റജീബ് ആവശ്യപ്പെട്ടു. കോടതികളുടെയും പൌരസമൂഹതിന്റെയും നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകളും ഉണ്ടായിട്ടും നിഷേധാത്മക സമീപനം തുടരുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വതിനെ തിരുത്താന്‍ കഴിയുന്ന ജനകീയ മുന്നേറ്റങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളും നേതൃത്വം നല്‍കണം.
അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്തിക്കുന്നവരെയും സംഘടനകളെയും ഉള്‍പ്പെടുത്തി ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പി.ഡി.പി. നേതൃത്വം നല്‍കും. ഇതിന്റെ ഭാഗമായി 'ബിനായക് സെന്‍ മുതല്‍ മഅദനി വരെ' എന്നാ ശീര്‍ഷകത്തില്‍ സംസ്ഥാന മൂന്നു മേഖലകളില്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ പങ്കെടുപ്പിച്ചു സെമിനാറുകള്‍ സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായി മധ്യ മേഖലാ സെമിനാര്‍ ജൂലെ 15 നു എറണാകുളം ടൌണ്‍ ഹാളില്‍ നടക്കും. നേതൃ സംഘമത്തില്‍ പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി അംഗം തോമസ് മാഞ്ഞൂരാന്‍ അധ്യക്ഷത വഹിച്ചു. സി.എ.സി.കെ.ഇ. അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. സി.എ.സി. അംഗങ്ങളായ ടി.എ.മുജീബ് റഹ്മാന്‍, സുബൈര്‍ വെട്ടിയാനിക്കല്‍, മുഹമ്മദ് സിയാവുദ്ദീന്‍, എം.എസ.നൌഷാദ്, തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട് തെരുവത്ത് ഉമ്മര്‍ ഹാജി, ജനറല്‍ സെക്രട്ടറി കടലായി സലിം മൌലവി എന്നിവര്‍ സംസാരിച്ചു. എറണാകുളം, തൃശ്ശൂര്‍, കോട്ടയം, പാലക്കാട്, ഇടുക്കി ജില്ലകളിലെ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍, കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
No comments:
Post a Comment