മഅദനിയെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സ്‌ഫോടനകേസില്‍ അന്യായമായി പ്രതിചെര്‍ക്കപ്പെട്ടു തടവില്‍ കഴിയുന്ന കഴിയുന്ന പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചകര്‍മ ചികിത്സക്കായാണ് വൈറ്റ് ഫീല്‍ഡിലെ സൌഖ്യ ഇന്റര്‍നാഷണല്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മഅദനിക്ക് 21 ദിവസത്തെ ചികിത്സവേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്നാണ് അറിയുന്നത്.
സഹായത്തിനായി ഒരു തടവുകാരനെയും നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ സന്നാഹത്തോടെയുള്ള പ്രത്യേക മുറിയിലാണ് ചികിത്സ . സന്ദര്‍ശകരെ അനുവദിക്കുന്നില്ല. ആസ്പത്രി മാനേജിങ് ഡയറക്ടര്‍ ഡോ. മത്തായി ഐസക്കും ഡോ. ഷാജിയുമാണ് മഅദനിയെ പരിശോധിച്ചത്.
കോഴിക്കോട് മുക്കത്തിനു സമീപമുള്ള ആയുര്‍വേദ കേന്ദ്രത്തില്‍ 2007-ല്‍ മഅദനിക്ക് ലഭ്യമാക്കിയ ചികിത്സയ്ക്ക് സമാനമായ ചികിത്സയാണ് ബാംഗ്ലൂരിലും നല്‍കുന്നത് . പുറം വേദനയോടൊപ്പം പ്രമേഹം മൂലമുള്ള അസുഖങ്ങളും ഉണ്ടെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത് . മഅദനി സുപ്രീംകോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ആവശ്യമായ പഞ്ചകര്‍മ ചികിത്സ ബാംഗ്ലൂരില്‍ ലഭ്യമാക്കാമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് ചികിത്സയ്ക്കായി ആയുര്‍വേദ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മെയ് 26ന് ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നെങ്കിലും നേരത്തേ ബുക്ക് ചെയ്യാത്തതിനാല്‍ മടങ്ങിപ്പോരുകയായിരുന്നു. മഅദനിയുടെ അഭിഭാഷകരെയോ ബന്ധുക്കളെയോ അറിയിക്കാതെയായിരുന്നു ചികത്സയ്ക്കായി കൊണ്ടുപോയത്. സുപ്രീംകോടതി ചികിത്സ നല്‍കാന്‍ നിര്‍ദേശിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതിന് തയ്യാറാകാത്തത് വിവാദത്തിനു വഴിവെച്ചിരുന്നു.
മലയാളി ദമ്പതിമാരായ ഡോ.മത്തായി ഐസക്കിന്റെയും ഡോ.സുജയുടെയും നേതൃത്വത്തിലുള്ള ആശുപത്രിയാണ് സൗഖ്യ ആസ്പത്രി. സാധാരണ 28 ദിവസം വരെ നീണ്ടു നില്‍ക്കുന്ന പഞ്ചകര്‍മ ചികിത്സയാണ് ഇവിടെ നിന്നു നല്‍കുന്നത്.മഅദനിയുടെ കണ്ണിലെ രക്ത ധമനികള്‍ക്ക് കേടുപാടുകളുണ്ടായിട്ടുണ്ടെന്നും കടുത്ത പ്രമേഹം മൂലം മഅദനിയുടെ കാഴ്ച മങ്ങുന്നതായുമാണ് അഭിഭാഷകര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. തുടര്‍ന്നാണ് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കോടതി നിര്‍ദേശിച്ചത്. മഅദനിയുടെ ജാമ്യ ഹര്‍ജി ആഗസ്ത് മൂന്നിനാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
No comments:
Post a Comment