ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Monday, November 21, 2011

മദനിയും,കലീമുമാരും, മോഹ്സിനും, ഒക്കെ നമ്മുടെ നീതിന്യായത്തിന്റെ ഇരകളല്ലേ?


 മദനിയും,കലീമുമാരും,  മോഹ്സിനും,  ഒക്കെ നമ്മുടെ നീതിന്യായത്തിന്റെ ഇരകളല്ലേ?

ഓര്‍ക്കുന്നില്ളേ മുഹ്സിന്‍ എന്ന പയ്യനെ? രാഷ്ട്രപതിക്ക് ലെറ്റര്‍ ബോംബയച്ചെന്നുപറഞ്ഞ് തിരുവനന്തപുരം പൊലീസ് ചെണ്ടകൊട്ടി പ്രദര്‍ശിപ്പിച്ച ‘ഭീകരന്‍’. ബോംബുണ്ടാക്കിവിട്ടത് മറ്റൊരുത്തനാണെന്നുവരുകയും അവന് തലക്ക് സൂക്കേടാണെന്ന് വരുത്തുകയും ചെയ്ത് പിന്നീട് കേസ് മുക്കി.അപ്പോള്‍ മുഹ്സിനോ? ലോക്കല്‍ ഭീകരനായി ഏമാന്മാരും അവരുടെ സ്റ്റെനോപ്പണിക്കാരായ മാധ്യമവാലുകളും കൊണ്ടാടിയ വകയില്‍ പയ്യന്‍െറ പഠിപ്പും ഭാവിപ്രതീക്ഷയുമൊക്കെ കുളമായികിട്ടി. പ്രശ്നം അവിടെയും തീരുന്നില്ല.ലെറ്റര്‍ ബോംബു കേസുകെട്ട് നിയമപരമായി അടച്ചിട്ടില്ല. പിടിച്ച പ്രതിയല്ല യഥാര്‍ഥ പ്രതിയെന്നു ബോധ്യമായാല്‍ പൊലീസിന് ആ കാര്യം കോടതിയില്‍ പറയാം. നിരപരാധിയെ കേസില്‍നിന്ന് ഒഴിവാക്കിക്കൊടുക്കാം. ഇവിടെ മുഹ്സിന് ചാര്‍ജ് കൊടുത്തതുമില്ല, നിരപരാധിയായി വിടുതല്‍ വാങ്ങിക്കൊടുത്തിട്ടുമില്ല.കാരണം, കേസില്‍നിന്ന് മുക്തനാക്കപ്പെടുന്ന നിമിഷം ടിയാന് നഷ്ടപരിഹാരം ആവശ്യപ്പെടാം. ഏമാന്മാര്‍ക്ക് നേരെ പ്രതിക്കൂട്ടിലേക്കും കയറാം. ഭരണകൂടത്തിന്‍െറ ഈ സ്വയരക്ഷക്കുവേണ്ടി മുഹ്സിന്‍ എന്ന ഇര ഇന്നും ‘അന്വേഷണ വിധേയനായ നോട്ടപ്പുള്ളി’യായി തുടരുന്നു! 

മാലേഗാവ് കേസെടുക്കുക. ഒരാഴ്ചക്കുമുമ്പാണ് ഒമ്പതു പ്രതികള്‍ക്ക് മുംബൈ സ്പെഷല്‍ കോടതി ഇതാദ്യമായി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ജാമ്യാപേക്ഷ തള്ളികൊണ്ട് ഇതേ കോടതി പറഞ്ഞത്: ‘അന്വേഷണം പൂര്‍ത്തിയാകുംവരെ പ്രതികള്‍ക്ക് കാത്തിരിക്കാം, കാത്തിരിക്കണം’ എന്നാണ്. ഇതുപറഞ്ഞ് ഏഴുമാസത്തിനകം ജാമ്യം കൊടുത്തതിനു കാരണം കേസന്വേഷകരായ എന്‍.ഐ.എ ജാമ്യത്തെ എതിര്‍ത്തില്ളെന്നതാണ്.അതിന്‍െറ കാരണം പ്രോസിക്യൂഷന്‍ നിരത്തിയതിങ്ങനെ: ‘സ്വാമി അസിമാനന്ദയുടെ അറസ്റ്റിനുശേഷം പുതിയ തെളിവുകളും പുതിയ സന്ദര്‍ഭങ്ങളുമാണ് കേസില്‍ വന്നിരിക്കുന്നത്. അങ്ങനെ കൂടുതല്‍ അന്വേഷണം നടത്തുന്നതിനിടെ പുതിയ ഫോറന്‍സിക് റിപ്പോര്‍ട്ടുകളും സ്റ്റേറ്റ്മെന്‍റുകളും വരുകയും തെളിവുകള്‍ക്ക് പരസ്പരബന്ധം വ്യക്തമാവുകയും ചെയ്തിരിക്കെ അന്തിമ നിഗമനത്തിലെത്താന്‍ കൂടുതല്‍ അന്വേഷണം നടത്തി വരുന്നു...’’
വല്ലതും തിരിഞ്ഞോ? സംഗതി ഇത്രേയുള്ളൂ- മാലേഗാവ് സ്ഫോടനം നടത്തിയവരെന്നു പറഞ്ഞ് 2006ല്‍ പിടിച്ചകത്തിട്ടത് ഒമ്പത് മുസ്ലിം ‘ഭീകരന്മാരെ’. അന്ന് ദേശവ്യാപകമായി ഏമാന്മാരും മാധ്യമങ്ങളും കൂടി ചെണ്ടകൊട്ടി. രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ വേറൊരു സെറ്റ് പ്രതികളെ പിടിക്കുന്നു -പ്രജ്ഞാസിങ്ങും കേണല്‍ പുരോഹിതും കൂട്ടരും. മുസ്ലിം പേരില്‍ ഹിന്ദുത്വഭീകരര്‍ നടത്തിയ നാടകമായിരുന്നു ടി ഭീകരപ്രവര്‍ത്തനമെന്ന് അസിമാനന്ദ എന്ന കൂട്ടുപ്രതിയുടെ വെളിപ്പെടുത്തല്‍ വഴി വ്യക്തമാകുന്നു. സ്വാഭാവികമായും ആദ്യം പിടിച്ചവര്‍ നിരപരാധികളാണെന്നു ബോധ്യമായ സ്ഥിതിക്ക് അവരെ മോചിപ്പിക്കേണ്ടേ? അവിടാണ് മുഹ്സിന്‍ കേസിലെ നിസ്സാരമായ കടലാസുപ്രതിസ്ഥാനം ഗുരുതരമായ മനുഷ്യദ്രോഹവും നീതിന്യായ വ്യവഹാരത്തിലെ ഭീകരപ്രവര്‍ത്തനവുമായി വികസിക്കുന്നത്. അഞ്ചുകൊല്ലമായി അഴിയെണ്ണുന്ന നിരപരാധികളെ, മൂന്നുകൊല്ലമായി അവരല്ല കുറ്റവാളികള്‍ എന്നറിഞ്ഞിട്ടും ജാമ്യം പോലും കിട്ടാന്‍ ‘അന്വേഷണം പൂര്‍ത്തിയാകുംവരെ കാത്തിരിക്കണം’ എന്നു കല്‍പിക്കുന്നതിന്‍െറ നീതിന്യായ യുക്തി ചോദിക്കരുത്. അന്വേഷണം പൂര്‍ത്തിയായില്ല എന്ന് എന്‍.ഐ.എതന്നെ പറയുമ്പോള്‍ പെട്ടന്നിതാ ജാമ്യം.അപ്പോള്‍ ഏഴുമാസം മുമ്പ് ജാമ്യം നിഷേധിക്കാന്‍ പറഞ്ഞ യുക്തിയോ? ചോദ്യങ്ങളരുത്, ഇത് ഭീകരപ്രവര്‍ത്തന കേസാണ്. അന്വേഷകര്‍ പറയുമ്പോലെ വിചാരിപ്പു നടക്കും. നടത്തും.


 നാടകം കൂടുതല്‍ കേമമാവുകയാണ്. നിരപരാധികള്‍ എന്നു ഭംഗ്യന്തരേണ സമ്മതിക്കുമ്പോഴും അവരെ വിട്ടയക്കുകയോ മനുഷ്യസഹജമായതരത്തില്‍ അവരോട് മിനിമം മാപ്പുപറയുകയോ അല്ല മറിച്ച് ഇപ്പോഴും ഒരു കൊളുത്തിട്ടുവെച്ച് ‘ജാമ്യം’ കൊടുക്കുക മാത്രമാണ്. അതില്‍ത്തന്നെ രണ്ടുപേര്‍ക്ക് കിട്ടിയ ജാമ്യംവെച്ച് പുറത്തിറങ്ങാനും നിവൃത്തിയില്ല.കാരണം, തീവ്രസ്ഫോടനക്കേസിലും അവര്‍ പ്രതികളാണ്. അസിമാനന്ദയുടെ കുമ്പസാരമൊഴി പ്രകാരം സംഝോത എക്സ്പ്രസിലെ ബോംബിന്‍െറ ഉത്തരവാദികള്‍ ഇവരല്ളെന്ന് വ്യക്തമായതാണ്. എന്നാലും ഇറക്കിവിടില്ല. ഇനി ആ കേസില്‍ ഏമാന്മാര്‍ പ്രത്യേകമായി കനിയണം. കോടതിയില്‍ ജാമ്യാപേക്ഷ കൊടുക്കുമ്പോള്‍ എതിര്‍ക്കാതിരിക്കണം. സര്‍വോപരി കോടതിക്ക് സ്റ്റേറ്റിന്‍െറ ഇംഗിതം പിടികിട്ടണം. ചുരുക്കത്തില്‍ അഞ്ചുകൊല്ലമായി എണ്ണുന്ന അഴി ഇനിയും കുറെ കാലം കൂടി എണ്ണിക്കൊണ്ടിരിക്കണം. ‘അന്വേഷണം പൂര്‍ത്തിയാവുംവരെ കാത്തിരിക്കണം’ എന്ന തിരുവാക്ക് ‘ഞങ്ങള്‍ക്ക് തോന്നുംവരെ അകത്തിടും’ എന്നാണ് അര്‍ഥം. നിരപരാധിത്വമൊന്നും സ്റ്റേറ്റിനോ ഏമാന്മാര്‍ക്കോ പ്രശ്നമല്ല. ചെണ്ടകൊട്ടി തേജോവധം ചെയ്ത മാധ്യമങ്ങള്‍ക്കു തീരെയും.
ഭീകരപ്രവര്‍ത്തന കേസുകളുടെ പൊതുനിലവാരം ഇവ്വിധമായിരിക്കെ, കൂട്ടത്തില്‍ ഏറ്റവും വിചിത്രമായ വ്യവഹാര നാടകം കാണാം-കണ്ണൂര്‍ക്കാരുടെ കശ്മീര്‍ കേസ്. സംഗതി അതിവിചിത്രമായ ഒരു പരിണാമത്തിലേക്ക് പ്രവേശിക്കുന്നതും ഈ മാസംതന്നെയാണ് കണ്ടത്- കോടതിയില്‍ കേസിനെ മൂന്നായി വേര്‍തിരിച്ചുകൊണ്ട് എന്‍.ഐ.എ പുതിയ തുറുപ്പിറക്കി.
സാധാരണ ഗതിയില്‍ ഭീകരപ്രവര്‍ത്തന കേസുണ്ടാവുക എവിടെങ്കിലും വിധ്വംസക പ്രവര്‍ത്തനം നടക്കുമ്പോഴോ ആയതിനുള്ള ശ്രമം പിടിക്കപ്പെടുമ്പോഴോ ആണ്. മറ്റൊരു മോഡലുണ്ട്-സ്റ്റേറ്റ് ഏജന്‍സികള്‍തന്നെ സെറ്റപ്പു ചെയ്യുന്ന വിധ്വംസക ഡ്രാമ. വാടകക്ക് ആളെവെച്ച് ചെയ്യിച്ചിട്ട് ടി വാടകക്കാരുമായി ബന്ധം ആരോപിച്ച് മറ്റുചില ഉദ്ദിഷ്ട ടാര്‍ഗറ്റുകളെ കുടുക്കുക.പ്രശസ്ത ഉദാഹരണം, തടിയന്‍റവിട നസീറെന്ന പിണിയാളെവെച്ച് അബ്ദുന്നാസിര്‍ മഅ്ദനിയെ പിടിക്കുന്ന കലാപരിപാടി. ഇതില്‍നിന്നെല്ലാം പുരോഗമിച്ചുപോയ ഐറ്റം നമ്പറാണ് കണ്ണൂര്‍-കശ്മീര്‍ കേസ്. കണ്ണൂരില്‍നിന്ന് കശ്മീരില്‍ ‘ജിഹാദ്’ നടത്താന്‍ പോയ നാലു മലയാളികള്‍ അവടെങ്ങാണ്ടുവെച്ച് ഏറ്റുമുട്ടലില്‍ വെടിതീര്‍ന്നെന്നും അവരുടെ വഴിയേ പോകാനിരുന്ന ചിലര്‍ കണ്ണൂരിലുണ്ടെന്നും പറഞ്ഞാണല്ളോ ഈ കേസുകെട്ട് അവതരിക്കപ്പെട്ടത്. കൊല്ലപ്പെട്ട നാലുപേരില്‍ ഒരുത്തന്‍െറ പോലും ജഡമില്ല.ജഡം കണ്ടതായി സാക്ഷിമൊഴിയില്ല. ഇന്ത്യയിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍ ആയതിനൊരു എഫ്.ഐ.ആറുപോലുമില്ല. എഫ്.ഐ.ആറില്ലാതെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറ്റില്ല. പകരം, ഒരു ആന്‍റിമോര്‍ട്ടം റിപ്പോര്‍ട്ട്വെച്ചാണ് കളി.
ഏതെങ്കിലുമൊരു രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷനറെക്കൊണ്ട് ഏതെങ്കിലുമൊരു ശവത്തിന്മേല്‍ ഇങ്ങനൊരു റിപ്പോര്‍ട്ട് സംഘടിപ്പിക്കാന്‍ ഏതു പൊലീസുകാരനും പറ്റും. പരേതന്‍െറ ഐഡന്‍റിറ്റി തെളിയിക്കാനൊന്നും അതില്‍ മാര്‍ഗമില്ല, ആവശ്യമില്ല. എന്നിരിക്കെ, ജഡമോ ഫോട്ടോയോ കേവല നിയമമര്യാദകളോ ഇല്ലാതെ ഒരു ഭീകര കേസുണ്ടാക്കുന്നു. ഇതേ അഭൗമിക അച്ചുതണ്ടിലേക്ക് കണ്ണൂരിലെ 17 പേരെ പിടിച്ചിട്ട് പ്രതികളാക്കുന്നു. കൊല്ലപ്പെട്ടവരുടെ വഴിയേ ഇവനും പോകുമായിരുന്നു എന്നാണ് വ്യാഖ്യാനം. അതിന്‍െറ തെളിവോ- കൊല്ലപ്പെട്ടവരുമായി ഇതില്‍ ചിലര്‍ ഫോണില്‍ മിണ്ടിയെന്ന്. എങ്കില്‍, എപ്പോള്‍ എന്തു സംസാരിച്ചു?
കണ്ണൂര്‍ എസ്.ഐക്ക് ഉണ്ടിരുന്നപ്പോള്‍ ഒരു ഉള്‍വിളി. കശ്മീരില്‍നിന്ന് ഇസ്മായില്‍ എന്നയാളിന്‍െറ ഫോണിലേക്ക് മൂന്നു കോള്‍. അതു ‘കണ്ട്’ സംശയം തോന്നിയ ഏമാന്‍ ഇസ്മായിലിനെ അറസ്റ്റ് ചെയ്യുന്നു. ഫോണില്‍ എന്തുസംസാരിച്ചു എന്നൊന്നും അറിയില്ല. അറിയേണ്ട കാര്യവുമില്ല. ഫോണ്‍ വന്നതും അറസ്റ്റും തമ്മില്‍ ആറുമാസത്തിന്‍െറ ഗ്യാപ്.എന്നുവെച്ചാല്‍, ജനുവരിയില്‍ വിളി വന്നാല്‍ മാര്‍ച്ചില്‍ ഏമാന് സംശയം തോന്നുക. ജൂണില്‍ അകത്താക്കും. ഇതേമാതിരി മറ്റു 16പേരെ കൂടി പിടിക്കുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പൊലീസ് തടങ്കലില്‍ ചികിത്സയിലായിരുന്നവനെവരെ ഇങ്ങനെ ഫോണ്‍ കോള്‍ പറഞ്ഞ് അകത്താക്കിയിട്ടുണ്ട്. അതിരിക്കട്ടെ, പ്രതികളില്‍ നാലുപേര്‍ പരേതര്‍, മറ്റു നാലാള്‍ ഒളിവില്‍. അഥവാ പിടികിട്ടാനുള്ളവര്‍. ശിഷ്ടമുള്ളവര്‍ കസ്റ്റഡിയില്‍. ഈ ചുറ്റുപാടില്‍ കേസ് മുന്നോട്ടു നീക്കാന്‍ നിയമപരമായ ചില കാതല്‍ തടസ്സങ്ങളുണ്ട്.ഒന്ന്, പരേതരുടെ മരണം സംബന്ധിച്ച് വ്യക്തമായ എഫ്.ഐ.ആര്‍ വേണം. ബന്ധുക്കള്‍ മരണം സ്ഥിരീകരിക്കണം. രണ്ട്, ‘കേള്‍ക്കാനുള്ള അവകാശം’ പ്രതികള്‍ക്കുണ്ടെന്നിരിക്കെ പിടികിട്ടാപുള്ളികളെ വിസ്തരിക്കാതെ പറ്റില്ല. അവരെ ഇതുമായി കണക്ട് ചെയ്യാതെ കേസുകഥ പൂര്‍ണമാക്കാന്‍ നിവൃത്തിയില്ല. ചുരുക്കത്തില്‍, കസ്റ്റഡിയിലുള്ള മൂന്നാം സെറ്റിനെ ശിക്ഷിക്കണമെങ്കില്‍ അടിസ്ഥാന കക്ഷികളായ ആദ്യ രണ്ടു സെറ്റിന്‍േറയും ആവശ്യമുണ്ട്.


കേസ് ഇങ്ങനെ വഴിമുട്ടി നില്‍ക്കെയാണ് എന്‍.ഐ.എ ചരിത്രത്തിലാദ്യമായി ഭീകരകേസ് വിചാരണക്ക് പുതിയൊരു രീതിശൈലി സമ്മാനിച്ചിരിക്കുന്നത്. കേസ് മൂന്നായി വിഭജിക്കുക. മരിച്ചവരെ ആദ്യം തന്നെ നീക്കം ചെയ്യുന്നു. മരിച്ച സ്ഥിതിക്ക് അവരെപ്പറ്റി തെളിവെടുക്കേണ്ട ആവശ്യമില്ളെന്ന്! മരിച്ചു എന്നതിനെങ്കിലും വേണ്ടേ തെളിവ്? അതു ബന്ധുക്കള്‍ സമ്മതിച്ചെന്നാണ് എന്‍.ഐ.എയുടെ പക്ഷം. എന്നുവെച്ചാല്‍, ചിരപുരാതന നീതിന്യായ രീതിയായ എഫ്.ഐ.ആറോ ഐഡന്‍റിഫിക്കേഷനോ വേണ്ട. ബന്ധുക്കളാരെങ്കിലും ഒന്നുപറഞ്ഞാല്‍ മതി, ആള്‍ തട്ടിപ്പോയെന്നു നിയമപരമായി ഉറപ്പിക്കാമെന്ന്.മുമ്പ് ഇതു പറഞ്ഞപ്പോള്‍ ഹൈകോടതിയും വിചാരണ കോടതിയും നിരാകരിച്ച  ഊളത്തമാണിത്. പ്രതികള്‍ മരിച്ചതിന് വ്യക്തമായ രേഖകള്‍ ഹാജരാക്കാനായിരുന്നു അന്നത്തെ ഉത്തരവുകള്‍. അവ നിലനില്‍ക്കെത്തന്നെയാണ് എന്‍.ഐ.എയുടെ പുതിയ നിലപാടും. അതിന് കോടതിയുടെ സമ്മതം മൂളലും.


 പരേതരെ ഒഴിവാക്കിയ സ്ഥിതിക്ക് പിടികിട്ടാത്തവരുടെ കാര്യമാണ് അടുത്തത്. ഒളിവിലാണെന്ന് പ്രഖ്യാപിച്ചതോടെ ‘കേള്‍ക്കാനുള്ള അവകാശംവെച്ച്’ വിസ്തരിക്കേണ്ട ബാധ്യത തീരുന്നു, പിടികൂടി ഹാജരാക്കേണ്ട ബാധ്യതയും.


ശിഷ്ടം കസ്റ്റഡി പ്രതികള്‍. പരേതരുമായി ഫോണില്‍ മിണ്ടി എന്നതാണ് ഏകകുറ്റം. വിളിച്ച ഫോണ്‍ പരേതരുടേതാണെന്നതിന് ഐഡന്‍റിറ്റി പ്രൂഫില്ല. സംസാരിച്ചത് എന്തെന്നും പറയുന്നില്ല. എന്നാലും ഗൂഢാലോചന കുറ്റം. ഇപ്പറഞ്ഞ മൂന്നാം കൂട്ടരാണ് രാജ്യദ്രോഹം മുതല്‍ക്കുള്ള മേല്‍ത്തരം കുറ്റങ്ങള്‍ക്ക് അടുത്ത മാസം തൊട്ട് വിചാരണ ചെയ്യപ്പെടുക.
കൊല്ലപ്പെട്ട നാലുപേരാണ് ഈ കേസുകെട്ടിന്‍െറ മര്‍മം. അവര്‍ കണ്ണൂരില്‍നിന്ന് ഹൈദരാബാദിലേക്കുപോയതിന്‍െറ യാത്രാ ടിക്കറ്റ് തെളിവായുണ്ട്. പിന്നീട് എങ്ങോട്ടു പോയെന്നതിന് തെളിവില്ല. മറ്റു പ്രതികളുടെ കാര്യത്തില്‍ ഇത്രപോലും തെളിവില്ല. സ്വാഭാവികമായും പരേതരുടെ മരണം സ്ഥിരീകരിക്കുകയും നിയമപരമായി ആളെ തിരിച്ചറിയുകയും വേണം.അതുപറ്റില്ളെങ്കില്‍ കേസിന്‍െറ ഹബ്ബിളകും. അതുകൊണ്ട്, അവരെയങ്ങ് ഒഴിവാക്കുകയല്ളേ എളുപ്പവഴി? ഇങ്ങനെ സംഗതമായ ഒഴിവാക്കല്‍ സൂത്രം പരേതരുടെ കാര്യത്തില്‍ മാത്രമല്ല. ഇക്കഥയിലെ ആണിയായ മറ്റൊരു കഥാപാത്രമുണ്ട്-ഉസ്താദ് എന്ന ഇബ്രാഹീം മൗലവി. ഹൈദരാബാദില്‍ കുടിയേറിയ ഈ ആലുവക്കാരന്‍െറ ത്വരീഖത്തിലേക്കാണ് കണ്ണൂര്‍ യുവാക്കളെ ആട്ടിത്തെളിച്ചത്.


ഒന്നരക്കൊല്ലംമുമ്പ് ഇയാള്‍ കേരളീയ മാധ്യമങ്ങളോടു വിളിച്ചുപറഞ്ഞതോര്‍ക്കുക: ‘ഇന്‍റലിജന്‍സ് ബ്യൂറോ പറഞ്ഞിട്ടാണ് ഞാനിവരെയെല്ലാം വിളിച്ചു കൂട്ടിയത്.’ ആ പോക്കിലാണ് കൊല്ലപ്പെട്ട നാലുപേരെ കാണാതായത്, പിടികിട്ടാനുണ്ടെന്നു പറയുന്നവരെയും. ഐ.ബിയുടെ കിങ്കരനായ ഈ ‘ഉസ്താദി’നെ പിന്നെ കണ്ടിട്ടില്ല. ഇത്ര നിര്‍ണായക പങ്കുള്ള അയാള്‍ പ്രതിയോ കുറഞ്ഞപക്ഷം സാക്ഷിയോ ആക്കപ്പെടാത്തതെന്ത്?ചോദ്യങ്ങളരുത്. വിഷയം ഭീകരപ്രവര്‍ത്തനമാകുമ്പോള്‍, അത് സംബന്ധിച്ച് കേസും ഭീകരപ്രവര്‍ത്തനമാകുന്നു. അതാണ് ഇന്ത്യന്‍രീതി. അതില്‍ നീതിന്യായ സുതാര്യതയോ സാമാന്യ യുക്തിയോ പ്രതീക്ഷിക്കരുത്. കാഞ്ചിവലിക്കുമ്പോള്‍ ഉണ്ടക്ക് നോവുമോ ഉണ്ണിക്ക് പനിക്കുമോ എന്നൊന്നും നോക്കാറില്ല. ഹാപ്പിയായിരിക്കുക - ട്രിഗര്‍ ഹാപ്പി.


കടപ്പാട് : മാധ്യമം ദിനപത്രം 

No comments:

Post a Comment