ബംഗളൂരു സ്ഫോടനകേസ്: പ്രോസിക്യൂട്ടര്‍ രാജിവെച്ചു.
ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പ്രതിയായ ബംഗളൂരു സ്ഫോടനകേസിലെ പബ്ളിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍, ആരോഗ്യ കാരണങ്ങളാല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ബി.വി. ജനാര്‍ദന രാജിവെക്കുകയാണെന്ന്, അദ്ദേഹത്തിന് പകരം ഹാജരായ അഭിഭാഷകന്‍, പ്രത്യേക കോടതി ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസന്‍ മുമ്പാകെ അറിയിച്ചു.രാജിവെച്ച വിവരമടങ്ങിയ മെമ്മോ അദ്ദേഹം ജഡ്ജിക്ക് കൈമാറി. ഇതോടെ, കേസിലെ വിചാരണ നടപടികള്‍ നീളുമെന്നാണ് കരുതപ്പെടുന്നത്. കേസില്‍ 31ാം പ്രതിയായ മഅ്ദനിയുടെ വിടുതല്‍ ഹരജിയില്‍ നവംബര്‍ എട്ടിന് പ്രതിഭാഗം വാദം നടന്നിരുന്നു. ഇതില്‍, പ്രോസിക്യൂഷന്‍ വാദം നടക്കാനിരിക്കെയാണ് പ്രോസിക്യൂട്ടറുടെ രാജി. കേസ് വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടക്കാനിരിക്കെ പ്രോസിക്യൂഷനെ നിയമിക്കാത്തത് നടപടികള്‍ ഇനിയും അനാവശ്യമായി നീളാന്‍ വഴിയൊരുക്കുമെന്ന് മഅ്ദനിക്കുവേണ്ടി ഹാജരായ അഭിഭാഷകരായ പി. ഉസ്മാന്‍, വസന്ത് എച്ച്. വൈദ്യ എന്നിവര്‍ കോടതിയില്‍ വാദിച്ചു.എന്നാല്‍, പ്രോസിക്യൂട്ടറെ നിയമിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്ന് അറിയിച്ച ജഡ്ജി, നിയമനം നടക്കുന്നതുവരെ സമയം വേണമെന്ന് ആവശ്യപ്പെട്ട് കേസ് മാറ്റുകയായിരുന്നു. ആറ് പ്രതികളെയാണ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയത്. തടിയന്‍വിട നസീര്‍ ഉള്‍പ്പെടെയുള്ള പത്തോളം പ്രതികളെ കശ്മീര്‍ റിക്രൂട്ട്മെന്‍റ് അടക്കമുള്ള മറ്റു കേസുകളുമായി ബന്ധപ്പെട്ട് എറണാകുളം എന്‍.ഐ.എ കോടതിയില്‍ കൊണ്ടുപോയതിനാല്‍ ഹാജരാക്കാനായില്ല. ഗുജറാത്ത് സ്ഫോടനവുമായി ബന്ധപ്പെട്ട്് അഹ്മദാബാദ് ജയിലിലുള്ള സൈനുദ്ദീന്‍, ശറഫുദ്ദീന്‍ എന്നിവരെയും ഹാജരാക്കിയിരുന്നില്ല.
പുതിയ പ്രോസിക്യൂട്ടറുടെ നിയമനത്തിന് സ്വാഭാവികമായും കൂടുതല്‍ സമയമെടുക്കാനാണ് സാധ്യത. ഏപ്രിലില്‍ വിചാരണാ നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും പ്രോസിക്യൂഷന്‍െറ അലംഭാവംമൂലം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കങ്ങള്‍പോലും ആരംഭിച്ചിട്ടില്ല. കേസിലെ മറ്റു പ്രതികള്‍ക്ക് അഭിഭാഷകരെ ലഭിക്കാത്തതും ചില പ്രതികള്‍ വിവിധ കേസുകളിലായി മറ്റ് സംസ്ഥാനങ്ങളിലായതും കേസ് നടപടിയെ ബാധിക്കുന്നുണ്ട്. പ്രതികളുടെ വിചാരണ നടപടികള്‍ ഇന്ന് തുടരും.
No comments:
Post a Comment