ചേറ്റുവ ടോള്‍ : പി ഡി പി തീര ദേശ ഹര്‍ത്താല്‍ എട്ടിന്
ചേറ്റുവ ടോള്‍ : പി ഡി പി സമരത്തെ നാട്ടുകാര്‍ ഏറ്റെടുക്കുന്നു .സമര പന്തലിലേക്ക് അഭിവാദ്യ പ്രവാഹം
ചാവക്കാട്: ചേറ്റുവ പാലം ടോള്‍ ഉടന്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. ജില്ലാ പ്രസിഡന്റ് ടി.എം. മജീത് നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫെബ്രുവരി എട്ടിന് കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം മുതല്‍ അണ്ടത്തോടു വരെയുള്ള തീരദേശ മേഖലയില്‍ ഹര്‍ത്താര്‍ ആചരിക്കാന്‍ പി.ഡി.പി. തീരുമാനിച്ചു. ഇന്നലെ വൈകിട്ട് ചേറ്റുവ പാലംവഴി കടന്നുപോയ മന്ത്രി കെ.പി. മോഹനനെ തടഞ്ഞുനിര്‍ത്തി നിവേദനം നല്‍കാന്‍ പ്രവര്‍ത്തകര്‍ ശ്രമം നടത്തി. അപ്രതീക്ഷിതമായി മന്ത്രിയുടെ കാറിനു മുന്നിലേക്ക് പ്രവര്‍ത്തകര്‍ ഓടിയടുക്കുകയായിരുന്നു. മന്ത്രി കാര്‍ പതുക്കെയാക്കി സമരക്കാരെ അഭിവാദ്യംചെയ്‌തു. അക്രമസംഭവം നടക്കാതിരിക്കാന്‍ നേതാക്കള്‍ ജാഗ്രതയോടെയാണ് പ്രവര്‍ത്തിച്ചത്.
ഇതിനിടെ നിരാഹാര സമരം ആറാം ദിവസത്തേക്ക് കടന്നു. ഇന്നലേയും നിരവധിപേര്‍ സമരപ്പന്തലിലെത്തി അഭിവാദ്യം അര്‍പ്പിച്ചു. നിരവധി സ്‌ത്രീകളും കുട്ടികളുമടങ്ങിയ ചേറ്റുവ കരുണ കൂട്ടായ്‌മാ പ്രവര്‍ത്തകര്‍ പന്തലിലെത്തി. പി.ഡി.പി. സംസ്‌ഥാന വൈസ്‌ചെയര്‍മാന്‍ കെ.വി. അബ്‌ദുള്ളയാണ് ഹര്‍ത്താല്‍ ആഹ്വാനംചെയ്‌തത്. ഹബീബ ഉബൈദ്, സഹീം അസീസ്, ലീല രാജന്‍, ഗീത, സൈന മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് വനിത കൂട്ടായ്‌മ പ്രവര്‍ത്തകര്‍ എത്തിയത്.
നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സംസ്‌ഥാന സെക്രട്ടറി നൗഷാദ് തെക്കുംപുറം, മുനക്കകടവ് പൗരസമിതി പ്രസിഡന്റ് ഷറഫുദ്ദീന്‍ മുനക്കകടവ്, ബി.എസ്.പി. ജില്ലാ സെക്രട്ടറി സുരേഷ് തച്ചപ്പിള്ളി, മനുഷ്യാവകാശ കമ്മിഷന്‍ അംഗം പി.എസ്. ഉമ്മര്‍, നാട്ടുവൈദ്യ അസോസിയേഷന്‍ അഖില മലബാര്‍ ജനറല്‍ സെക്രട്ടറി എ.ജി. ഷണ്‍മുഖന്‍ വൈദ്യര്‍, വാടാനപ്പള്ളി സോളിഡാരിറ്റി യൂണിറ്റ് സെക്രട്ടറി കെ. ഹംസ, നാട്ടിക ഏരിയ ജമാ അത്തെ ഇസ്ലാമി സെക്രട്ടറി പി.എ. അഹമ്മദ് കുട്ടി തുടങ്ങി നിരവധിപേര്‍ അഭിവാദ്യമര്‍പ്പിച്ചു.
ചാവക്കാട് എസ്.ഐ. കെ. മാധവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്‌ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇന്ന് ഡോക്‌ടര്‍ വന്ന് പരിശോധിക്കുമെന്നും തുടര്‍ന്ന് ആവശ്യമെങ്കില്‍ നിരാഹാരമിരിക്കുന്ന മജീദിനെ ആശുപത്രിയിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്. പ്രവര്‍ത്തകര്‍ സമ്മതിച്ചില്ലെങ്കില്‍ ബലംപ്രയോഗിച്ച് മാറ്റാനാണ് പോലീസ് നീക്കം.
No comments:
Post a Comment