മഅദനി വിഷയം മുന്നണികള്‍ നിലപാട് വ്യക്തമാക്കണം - ഇമാം ഐക്യവേദി
കോട്ടക്കല്‍: അന്യായമായി ബംഗ്ലൂര്‍ കേസില്‍ ജയിലിലടക്കപ്പെട്ട അബ്ദുന്നാസിര്‍ മഅദനി വിഷയം അവഗണിച്ച് വോട്ടിനുവേണ്ടി ജനങ്ങളെ സമീപിക്കാമെന്ന് വ്യാമോഹം മാത്രമാണെന്ന് മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിഷേധാത്മക നയമാണു ഈ വിഷയത്തില്‍ സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമായി വരുന്ന സാഹചര്യത്തില്‍ എല്ലാ മുന്നണി നേതാക്കളെയും ഇക്കാര്യം ബോധ്യപ്പെടുത്തും.
നിയമവശങ്ങള്‍ പരിശോധിച്ച് സംസ്ഥാനത്താകമാനം സമരപരിപാടികള്‍ നടത്തും. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രി, ലീഗ് നേതാക്കള്‍ എന്നിവരെ കണ്ട് മഅദനി വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. മഅദനി കുറ്റക്കാരനല്ലെന്ന് എല്ലാവരും സമ്മതിച്ചിട്ടുണ്ട്. പക്ഷേ, മഅദനിയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മുന്നണിയും ജനങ്ങളോട് പ്രതികരിച്ചില്ലെന്നും അവര്‍ പറഞ്ഞു.
മാലേഗോവ്, മക്കാ മസ്ജിദ്, സംജോത എക്സ്പ്രസ്സ് സ്ഫോടനം തുടങ്ങിയവ സംഘടിപ്പിച്ചതിനു പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണെന്നു വ്യക്തമായിട്ടും പ്രസ്തുത കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട നിരപരാധികളെ ഇനിയും വിട്ടയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്ഹമാണെന്നും ബംഗ്ലൂര്‍ കേസ് സി.ബി.ഐ.അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി, സംസ്ഥാന സമിതിയംഗം ഹാഫിസ് സുലൈമാന്‍ മുസ്‌ലിയാര്‍, ജില്ലാ പ്രസിഡന്റ് ഇമ്പിച്ചിക്കോയ തങ്ങള്‍, ജില്ലാ സെക്രട്ടറി ജാഫര്‍ അലി ദാരിമി, ലത്തീഫ് മുസ്‌ലിയാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment