ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Thursday, July 21, 2011

മഅദനി കേസ് ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് മാറ്റണം - അജിത് സാഹി



തിരുവനന്തപുരം: പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിക്കെതിരായ കേസുകളിലെ തുടര്‍നടപടി അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് മാറ്റി ഉടന്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും തെഹല്‍ക മുന്‍ എഡിറ്റര്‍ അറ്റ് ലാര്‍ജ് അജിത് സാഹി ആവശ്യപ്പെട്ടു. മഅദനിക്ക് നീതി ലഭ്യമാക്കാര്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ്ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണ് മഅദനിയുടെ വിഷയത്തില്‍ സംഭവിക്കുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അദ്ദേഹത്തെ വര്‍ഷങ്ങേളാളം ജയിലിലടച്ച് ഒടുവില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു. ഇപ്പോള്‍ മഅദനിയെ ജയിലിലടച്ചത് എന്തിനാണെന്ന് കര്‍ണാടക സര്‍ക്കാറും പ്രോസിക്യൂഷനും വ്യക്തമാക്കേണ്ടതുണ്ട്. മഅദനി കുടകില്‍ പോയി ഗൂഢാലോചന നടത്തിയെന്നതാണ് ഒരു ആരോപണം. തന്റെ സഹപ്രവര്‍ത്തകയായിരുന്ന ഷാഹിന കുടകില്‍ പോയി ദൃക്‌സാക്ഷികളെ കണ്ട് ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിയത്. അതിന്അവര്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണ് കര്‍ണാടക പൊലീസ് ചെയ്തത്.
മഅദനിയുടെ വിഷയം മാത്രമല്ലിത്. തീവ്രവാദം അമര്‍ച്ച ചെയ്യാനെന്ന പേരില്‍ മുസ്‌ലിം യുവാക്കള്‍ക്കെതിരെ കള്ളക്കേസ് എടുക്കുകയാണ്. ഗുജറാത്തിലും കര്‍ണാടകത്തിലും മാത്രമല്ല കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രയിലും മഹാരാഷ്ട്രയിലും ഇത് തന്നെയാണ് സ്ഥിതി. കഴിഞ്ഞദിവസം മുംബൈ സ്‌ഫോടനമുണ്ടായ ഉടന്‍തന്നെ ഇന്ത്യന്‍ മുജാഹിദീന്റെയും സിമിയുടേയും പങ്കിനെക്കുറിച്ചാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത്. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് കൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്താനുള്ള ധൈര്യം കാണിക്കണം.
2001ല്‍ സിമിയുടെ പേരില്‍ നൂറുകണക്കിന് യുവാക്കളെയാണ് ജയിലിലടച്ചത്. എന്നാല്‍ പിന്നീട് കുറ്റക്കാരല്ലെന്ന് കണ്ട് കോടതികള്‍ അവരെ വെറുതെ വിട്ടു. എവിടെയാണ് ഇന്ത്യന്‍ മുജാഹിദീന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്, അവര്‍ക്ക് ഫണ്ട് എവിടെനിന്നാണ് വരുന്നത് എന്നീ കാര്യങ്ങളൊന്നും അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തീവ്രവാദത്തിന്റെ പേരില്‍ കുറ്റകൃത്യങ്ങള്‍ക്ക് മുമ്പ് തന്നെ അറസ്റ്റ്‌നടക്കുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഈ വിഷയത്തില്‍ നടക്കുന്നതെന്ന് അജിത് സാഹി ആരോപിച്ചു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ എതിരാണെന്ന് ഖുര്‍ആനെ സാക്ഷിനിര്‍ത്തി പ്രഖ്യാപിച്ച മഅദനി നികൃഷ്ടമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്ന ഉറച്ച വിശ്വാസമാണുള്ളതെന്ന് മാധ്യമപ്രവര്‍ത്തകനായ ഭാസുരേന്ദ്രബാബു ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. ഒരു നീതിമാന്റെ രക്തത്താല്‍ ഈ മണ്ണ് നനയുന്ന അവസ്ഥയുണ്ടാകരുത്. മഅദനി വിഷയത്തില്‍ നീതി ലഭ്യമാക്കാന്‍ കേന്ദ്ര-കര്‍ണാടക സര്‍ക്കാറുകള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജസ്റ്റിസ്‌ഫോര്‍ മഅദനി ഫോറം വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജമീലാ പ്രകാശം എം.എല്‍.എ, മുന്‍ മന്ത്രി ഡോ. എ. നീലലോഹിതദാസന്‍ നാടാര്‍, പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്‌ കുമാര്‍ ആസാദ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സജീദ്, മഅദനി ഫോറം ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, പി.ഡി.പി സീനിയര്‍ വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജ്, കെ.എം.വൈ.എഫ് ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ്, മഹല്ല് ഇമാം ഐക്യവേദി ജന. സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലിം മൗലവി, അഡ്വ. ഫിലിപ്പ് എം. പ്രസാദ്, അല്‍ഹാദി അസോസിയേഷന്‍ പ്രസിഡന്റ് പാനിപ്ര ഇബ്രാഹിം മൗലവി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍, ജാമിയ അല അന്‍വാര്‍ പ്രിന്‍സിപ്പല്‍ ചേലക്കുളം അബ്ദുല്‍ഹമീദ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment