പിഡിപി വാര്‍ത്തകള്‍
ദിനപത്രം
ഫോട്ടോസ്
Labels
പി ഡി പി
ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ് അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com
Friday, January 27, 2012
മുഖ്യമന്ത്രിയും മുസ്ലിംലീഗും തമസ്കരിക്കാന്‍ ശ്രമിക്കുന്നത്
മുഖ്യമന്ത്രിയും മുസ്ലിംലീഗും തമസ്കരിക്കാന്‍ ശ്രമിക്കുന്നത്
കഴിഞ്ഞ ശനിയാഴ്ച രാവിലെ ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിന്‍െറ ഭാരവാഹികളിലൊരാളും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ഭാസുരേന്ദ്രബാബു, കെ.ടി. ജലീല്‍ എം.എല്‍.എ എന്നിവരോടൊപ്പം ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. ഏകദേശം ഒന്നര മണിക്കൂര്‍ നീണ്ട സംഭാഷണത്തില്‍, തന്നെ കെണിയിലാക്കാന്‍ പ്രയോഗിക്കപ്പെട്ട കുതന്ത്രങ്ങളും ഏറ്റവും ഒടുവില്‍ സുപ്രീംകോടതി ജാമ്യാപേക്ഷപോലും നിരസിക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങളും വിദഗ്ധനായ ഒരു നിയമജ്ഞന്‍െറ ചാതുരിയോടെ മഅ്ദനി വിവരിച്ചു. ഇടക്ക് ഒരിക്കലും പതറുകയോ വികാരാധീനനാവുകയോ ചെയ്യാതെ തികഞ്ഞ സമചിത്തതയോടെയാണ് അദ്ദേഹം സംസാരിച്ചത്. താന്‍ കാരാഗൃഹത്തില്‍ മരിക്കുകയോ തന്‍െറ മേല്‍ ചുമത്തപ്പെട്ട രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ പരമാവധി ശിക്ഷ വിധിക്കപ്പെടുകയോ ചെയ്താലും എല്ലാം അല്ലാഹുവിന്‍െറ വിധിയാണെന്ന് സമാധാനിക്കാനുള്ള മനക്കരുത്ത് പതിനൊന്ന് വര്‍ഷക്കാലത്തെ ജയില്‍ജീവിതം തനിക്ക് നേടിത്തന്നതായും മഅ്ദനി പറഞ്ഞു. പ്രാര്‍ഥനയാണ് തന്‍െറ ശക്തി- അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. പ്രമേഹരോഗം മൂര്‍ച്ഛിച്ച് കാഴ്ചയെ ബാധിച്ചുതുടങ്ങിയതിനാല്‍ വായന മുടങ്ങിപ്പോവുന്നതിലാണ് അദ്ദേഹത്തിന്‍െറ സങ്കടം.
ഒമ്പതര വര്‍ഷം കോയമ്പത്തൂരിലെ തടവറയില്‍ കിടന്ന് നരകയാതന അനുഭവിച്ചശേഷം കോടതി നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചയാളാണ് മഅ്ദനി. അതിനുശേഷം കേരളത്തില്‍ ജീവിച്ച ഹ്രസ്വമായ കാലയളവില്‍ മിക്കവാറും അദ്ദേഹം ശാരീരികാവശതകള്‍ക്ക് ചികിത്സതേടുകയായിരുന്നു. അതിനിടയില്‍ അദ്ദേഹം ചെയ്ത പ്രസംഗങ്ങളിലും മീഡിയക്ക് അനുവദിച്ച മുഖാമുഖങ്ങളിലും രാജ്യദ്രോഹപരമോ തീവ്രവാദത്തിന്‍െറ ലാഞ്ഛനയുള്ളതോ സാമുദായിക വൈരം വളര്‍ത്താന്‍ സാധ്യതയുള്ളതോ ആയ എന്തെങ്കിലും പരാമര്‍ശമുള്ളതായി ആരും ചൂണ്ടിക്കാട്ടിയിട്ടില്ല. ആകപ്പാടെ വിമര്‍ശിക്കപ്പെട്ടത് അദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പ്രഖ്യാപിച്ച പരസ്യമായ പിന്തുണയാണ്. ആ നിലപാട് നൂറുശതമാനവും തെറ്റായി എന്നഭിപ്രായമുള്ളവര്‍ക്കും അതിന് രാജ്യരക്ഷാപരമോ ക്രമസമാധാനപരമോ ആയ മാനങ്ങളുണ്ടെന്ന് വാദിക്കാനാവില്ളെന്ന് തീര്‍ച്ച. എന്നിട്ടും, ബംഗളൂരു സ്ഫോടനത്തില്‍ പങ്ക് ആരോപിച്ച് കര്‍ണാടക പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ഇതെങ്ങനെ സംഭവിച്ചു? കാര്യം വ്യക്തമാണ്. ഇന്‍റലിജന്‍സ് അദ്ദേഹത്തെ വിടാതെ പിന്തുടരുകയായിരുന്നു. അതിനിടയില്‍ അവര്‍ ചോര്‍ത്തിയ ടെലിഫോണ്‍ കാളുകളും അതുപോലുള്ള പുല്‍ക്കൊടികളും ചേര്‍ത്തുവെച്ച് മെനഞ്ഞെടുത്ത തിരക്കഥയിലൂടെയാണ് മഅ്ദനി വീണ്ടും തടവറയിലെത്തിയത്. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ വിദഗ്ധമായ ഓപറേഷന്‍െറ ഇരയാണ് മഅ്ദനി എന്ന് ചുരുക്കം. ജാമ്യാപേക്ഷ ഓരോ തവണ ഓരോ കോടതിയിലെത്തുമ്പോഴും പുതിയ പുതിയ ‘തെളിവുകളുമായി’ പ്രോസിക്യൂഷന്‍ എത്തുന്നു. വികലാംഗനും രോഗിയുമാണെങ്കില്‍പോലും രാജ്യത്തെ ഈ ‘കൊടും ഭീകരനെ’ പുറത്തുവിട്ടാലുള്ള ഭവിഷ്യത്ത് ബഹുമാനപ്പെട്ട ന്യായാധിപരെ ബോധ്യപ്പെടുത്തുന്നു. സ്വാഭാവികമായും അവര്‍ എതിര്‍വാദം കേള്‍ക്കാന്‍പോലും ക്ഷമകാട്ടാതെ ജാമ്യം നിഷേധിക്കുന്നു. സുപ്രീംകോടതി ഒടുവിലത്തെ ജാമ്യാപേക്ഷ പ്രതിഭാഗം വക്കീലിന്‍െറ വാദംപോലും കേള്‍ക്കാന്‍ നില്‍ക്കാതെ തള്ളിക്കളഞ്ഞതിന്‍െറ പിറ്റേ ദിവസം, ജയില്‍ ഉദ്യോഗസ്ഥന്‍ വിവരമെന്തായി എന്ന് മഅ്ദനിയോട് തിരക്കി. ജാമ്യാപേക്ഷ നിരസിച്ച കാര്യം മഅ്ദനി അദ്ദേഹത്തെ അറിയിച്ചപ്പോള്‍ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം തന്‍െറ പണിക്കുപോവുകയും ചെയ്തു. പിറ്റേദിവസം ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ളീഷ് പത്രത്തിന്‍െറ ബംഗളൂരു പതിപ്പില്‍ ഒന്നാം പേജില്‍ കണ്ട വാര്‍ത്ത അക്ഷരാര്‍ഥത്തില്‍ മഅ്ദനിയെ ഞെട്ടിച്ചു. സുപ്രീംകോടതി ജാമ്യാപേക്ഷ നിരസിച്ചതില്‍ ക്ഷുഭിതനും രോഷാകുലനുമായ മഅ്ദനി ജയിലധികൃതരോട് തട്ടിക്കയറി, പ്രാതല്‍ വലിച്ചെറിഞ്ഞു; അതിന്‍െറ പേരില്‍ സഹതടവുകാരുടെ പ്രാതല്‍ പോലും രണ്ടു മണിക്കൂര്‍ വൈകി! ആരാണീ വാര്‍ത്ത നല്‍കിയതെന്ന് ജയില്‍ അധികൃതരോട് ചോദിച്ചപ്പോള്‍ അവര്‍ നിസ്സഹായരായി കൈമലര്‍ത്തുകയായിരുന്നു. ‘ഞങ്ങളോടൊന്നും ചോദിക്കരുത് സാര്‍, അതൊക്കെ മീതെനിന്ന് നല്‍കുന്നതാണ്.’
പിന്നെയും വന്നു അതേ പത്രത്തില്‍ വാര്‍ത്ത. മഅ്ദനിയുടെ സഹതടവുകാരില്‍ ചിലരെ ജയില്‍ മാറ്റിയതാണ് ഇതിവൃത്തം. അവരുടെ കുത്തിത്തിരിപ്പും ഗൂഢാലോചനയുമാണ് മാറ്റത്തിന് കാരണമാക്കിയതത്രെ. സംഭവമോ? രണ്ടു മാസം മുമ്പ് മറ്റു കാരണങ്ങളാല്‍ ജയിലില്‍നിന്ന് മാറ്റപ്പെട്ടവരാണ് ഈ തടവുകാര്‍. ഇത്തരം വ്യാജ കഥകള്‍ പത്രങ്ങളില്‍ വന്നിട്ടുവേണം മഅ്ദനിയുടെ കേസ് പരിഗണനക്കെടുക്കുമ്പോള്‍ പുതിയ തെളിവുകളായി ഹാജരാക്കാന്‍. ഒരു ജനാധിപത്യ ഭരണകൂടം രാജ്യത്തെ പൗരന്മാരെ കൈകാര്യംചെയ്യുന്ന രീതിയാണിത്.
ഇന്ത്യയില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പൂര്‍വാധികം സജീവമാകുന്നതും പുതിയ ടെക്നിക്കുകള്‍ വശമാക്കുന്നതും അമേരിക്കയുമായും ഇസ്രായേലുമായും തീവ്രവാദ പ്രതിരോധ കരാറില്‍ ഒപ്പുവെക്കുന്നതിനെ തുടര്‍ന്നാണ്. അതുപ്രകാരം ഇന്ത്യന്‍ പൊലീസിനെ അവര്‍ പരിശീലിപ്പിക്കും. ഇന്‍റലിജന്‍സിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ പരസ്പരം കൈമാറും. അമേരിക്കയുടെയും ഇസ്രായേലിന്‍െറയും കണ്ണില്‍ ആഗോളതലത്തില്‍ തീവ്രവാദികളും ഭീകരരുമാരാണെന്ന് എടുത്തു പറയേണ്ടതില്ല. മുസ്ലിം പേരുള്ള നടന്‍ മമ്മൂട്ടി വരെ അമേരിക്കയിലെ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം തടഞ്ഞുവെക്കപ്പെട്ടതും ചോദ്യംചെയ്യപ്പെട്ടതും ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ആയിരക്കണക്കില്‍ മുസ്ലിം ചെറുപ്പക്കാര്‍ കുറ്റപത്രമോ വിചാരണയോ കൂടാതെ തടവറകളില്‍ കഴിയുന്നു. അവരെപ്പറ്റി ആരും അന്വേഷിക്കുന്നേയില്ല. കാരണം, രാജ്യരക്ഷയുടെയും തീവ്രവാദത്തിന്‍െറയും പേരിലാണ് അവരുടെ തടങ്കല്‍. അന്വേഷിച്ചുചെന്നാല്‍ ചെന്നവരും അഴികള്‍ക്ക് പിന്നിലാവും. ടെലിഫോണില്‍ ബന്ധപ്പെട്ടാല്‍ അവര്‍ നോട്ടപ്പുള്ളികളാവും. ടാഡ പ്രാബല്യത്തിലിരുന്നകാലത്ത് രാജ്യത്താകെ 88,000 പേര്‍ തടവിലാക്കപ്പെട്ടതില്‍ 90 ശതമാനവും മുസ്ലിംകളായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടു. 12 വയസ്സായ കുട്ടികള്‍ മുതല്‍ 80 കഴിഞ്ഞ വൃദ്ധര്‍വരെയുണ്ടായിരുന്നു ടാഡ പീഡിതരില്‍. ഈ പശ്ചാത്തലത്തിലാണ് വിജു വി. നായര്‍ ‘മാധ്യമം’ ആഴ്ചപ്പതിപ്പിലൂടെ അനാവരണം ചെയ്ത വസ്തുതകള്‍ പ്രസക്തമാവുന്നത്. ഇന്‍റലിജന്‍സ് മേധാവി സിമി ബന്ധം ആരോപിച്ച് ഇ-മെയില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ നല്‍കിയ 268 പേരുടെ പട്ടികയില്‍ 258 പേരും ഒരേ സമുദായക്കാരായത് സാധാരണ നടപടിയും യാദൃച്ഛികവുമാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ലീഗുകാരനെപ്പോലും കിട്ടില്ല, അവരുടെ നേതാക്കള്‍ എന്തുപറഞ്ഞാലും. ഇത് അസ്സലായറിയാവുന്ന മുഖ്യമന്ത്രി വിട്ടുകളഞ്ഞ പേരുകള്‍ ചൂണ്ടിക്കാട്ടി ‘മാധ്യമം’ വര്‍ഗീയകാര്‍ഡ് കളിക്കുകയാണെന്ന് ആരോപിച്ച് യഥാര്‍ഥ പ്രശ്നത്തില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ വൃഥാ ശ്രമം നടത്തുകയായിരുന്നു. പട്ടികയിലെ മുസ്ലിംപേരുകള്‍ എന്ന് തലക്കെട്ട് കൊടുത്താല്‍ അതിന് താഴെ പിന്നെ അമുസ്ലിം പേരുകള്‍ ഉണ്ടാവില്ല എന്ന് ഏത് മന്ദബുദ്ധിക്കാണ് തിരിയാതിരിക്കുക? എന്നിട്ടും ഒന്നോ രണ്ടോ അമുസ്ലിം പേരുകള്‍ വന്നുപോയിട്ടുണ്ടെങ്കില്‍ അതാണ് യഥാര്‍ഥത്തില്‍ പിശക് (അതോടെ വര്‍ഗീയതാവാദം പൊളിയുന്നു എന്നതു വേറെ കാര്യം).
മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചത് മനസ്സിലാക്കാനാവും, അദ്ദേഹം ഒരുവേള നിസ്സഹായനായിരിക്കാം എന്ന കാരണത്താല്‍. പക്ഷേ, സര്‍ക്കാറിലെ രണ്ടാംകക്ഷി ഇതില്‍ പ്രകോപിതരാവാന്‍ എന്ത് ന്യായം? അവരുടെ ചില പ്രമുഖര്‍ കൂടി പട്ടികയിലുണ്ടെന്നിരിക്കെ, സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നില്ളേ വേണ്ടിയിരുന്നത്? അതിന് കഴിയില്ളെങ്കില്‍ മിണ്ടാതിരിക്കുകയെങ്കിലും ചെയ്യാമായിരുന്നല്ളോ. പകരം ‘മാധ്യമ’ത്തിനും വിവാദമായ വാര്‍ത്തയുടെ പിതൃത്വം ആരോപിച്ച് ജമാഅത്തെ ഇസ്ലാമിക്കുമെതിരെ കുരച്ചുചാടുകയാണ് മുസ്ലിംലീഗ് നേതൃത്വവും പത്രവും. 33 ദിവസം പരിശുദ്ധ നെയ്യ് വിതരണം ചെയ്ത് തളര്‍ന്ന വീരന്മാര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നു.
എല്ലാറ്റിനും ന്യായമുണ്ട്. മുസ്ലിംലീഗ് അധികാരത്തിലിരിക്കെ കേരള മുസ്ലിംകള്‍ ആരെ, എന്തിന് ഭയപ്പെടണം? അപ്പോള്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ കള്ളക്കേസുകളില്‍ കുരുക്കി ആദ്യം കോയമ്പത്തൂരിലും പിന്നീട് ബംഗളൂരുവിലും കൊണ്ടുപോവുമ്പോള്‍ ലീഗ് കേരളത്തിലുണ്ടായിരുന്നില്ളേ എന്ന് ചോദിക്കരുത്. നിയമം നിയമത്തിന്‍െറ വഴിക്ക് ഒരാളെ കൊണ്ടുപോകുമ്പോള്‍ ലീഗിനെന്ത് ചെയ്യാന്‍ കഴിയും? അപ്പോള്‍ 268 പേരുകളില്‍ ബഹുഭൂരിഭാഗത്തെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ച ‘വിവരങ്ങളുടെ’ അടിസ്ഥാനത്തില്‍ ഭാവി സ്ഫോടനങ്ങളിലോ സംഭവങ്ങളിലോ പ്രതികളാക്കിയാലും പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ ലീഗ് നോക്കിനില്‍ക്കുകയേ ഉള്ളൂ എന്ന് അനുക്ത സിദ്ധം. അപ്പോഴും നിയമം നിയമത്തിന്‍െറ വഴിക്ക് പോവുകയായിരിക്കുമല്ളോ. 1975 ജൂണില്‍ ഇന്ദിരഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ തടവറയിലടക്കപ്പെട്ടവരില്‍ സമുന്നത ലീഗ്നേതാക്കളായ സെയ്തുമ്മര്‍ ബാഫഖിതങ്ങള്‍, പി.എം. അബൂബക്കര്‍ മുതല്‍ പേരും ഉള്‍പ്പെട്ടിരുന്നു. അന്നേരവും മുസ്ലിംലീഗുണ്ടായിരുന്നു അധികാരത്തില്‍. പക്ഷേ, മേല്‍പ്പറഞ്ഞവര്‍ ‘വിമതലീഗുകാര്‍’ ആയിരുന്നതുകൊണ്ട് നിയമം നിയമത്തിന്‍െറ വഴിക്ക് കൊണ്ടുപോയി! മുസ്ലിംലീഗ് അടിയന്തരാവസ്ഥക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ദോഷം പറയരുതല്ളോ, യഥാര്‍ഥത്തില്‍ നിയമവാഴ്ചയും രാജ്യരക്ഷയും അപകടപ്പെട്ടപ്പോഴൊക്കെ ലീഗ് ഇടപെട്ടിട്ടുണ്ട്. നാദാപുരത്ത് ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് അഞ്ചു മുസ്ലിം യൂത്ത്ലീഗുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായവരൊക്കെ സമാധാനപ്രിയരായ ലീഗ് പ്രവര്‍ത്തകരാണ്. അവരെ രക്ഷിക്കേണ്ടത് നിയമവാഴ്ചയുടെ ആവശ്യവുമാണ്. അതിനാല്‍ നിയമത്തെ നിയമത്തിന്‍െറ വഴിയില്‍നിന്ന് മാറ്റാന്‍ ശ്രമിച്ച പൊലീസുദ്യോഗസ്ഥനെ സ്ഥലം മാറ്റേണ്ടിവന്നിട്ടുണ്ട്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിലൂടെ ഹീറോ ആയ നേതാവിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ തടിച്ചുകൂടിയ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ദേശീയപതാകയുടെ സ്ഥാനത്ത് സമുദായത്തിന്‍െറ അഭിമാന പതാക സ്ഥാപിച്ച മഹല്‍കൃത്യത്തിനും മറ്റു ദേശാഭിമാന പ്രവൃത്തികള്‍ക്കും പിടികൂടപ്പെട്ടപ്പോള്‍ അവരെ നിയമപരമായി രക്ഷിക്കാനും പാര്‍ട്ടി മുന്‍കൈയെടുക്കുകയുണ്ടായി. കോടതിക്ക് തല്‍ക്കാലം അവരുടെ ദേശസ്നേഹം ബോധ്യപ്പെടാത്തത് വേറെകാര്യം.
‘ഇന്ത്യന്‍ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം സാമൂഹിക, സാംസ്കാരിക, പൊതു ആശയവിനിമയ മേഖലകള്‍ ഏറെ നിരുത്സാഹപ്പെടുത്തുന്നതാണ്. നിരവധി രംഗങ്ങളില്‍ മുസ്ലിംകളിലെ അസ്വസ്ഥത പ്രകടം. മുസ്ലിംകളും മറ്റ് മതസാമൂഹിക വിഭാഗങ്ങളുമായി നിലനില്‍ക്കുന്ന ബന്ധത്തിലും അത് മനസ്സിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലുമൊക്കെ ഈ പൊതുവികാരം പ്രതിഫലിച്ചു നില്‍ക്കുന്നു. വിലയിരുത്തലുകളിലെ ഒരു വശം ദേശഭക്തിയുമായി ബന്ധപ്പെട്ടതാണ്. ഒരേസമയം ദേശവിരുദ്ധരെന്നും പ്രീണനം നേടുന്നവരെന്നുമുള്ള മുദ്രണത്തിന്‍െറ ഇരട്ട ഭാരം അവര്‍ പേറുന്നു. ദേശവിരുദ്ധരോ ഭീകരരോ അല്ളെന്ന് പ്രതിദിനമെന്നോണം തെളിയിക്കേണ്ട ബാധ്യതയാണ് മുസ്ലിംകള്‍ക്ക്. അതേസമയം തന്നെ, ആരോപിക്കപ്പെടുന്ന പ്രീണനം വഴി സമുദായത്തിന്‍െറ സാമൂഹിക-സാമ്പത്തിക വികസനം ഉദ്ദേശിച്ച തലത്തില്‍ എത്തിയിട്ടുമില്ല. സമൂഹത്തില്‍ ചില വിഭാഗക്കാര്‍ മാത്രമല്ല, പൊതു സ്ഥാപനങ്ങളും ഭരണകൂടവും നിരന്തരം വലിയ സംശയത്തോടെ തങ്ങളെ നോക്കിക്കാണുന്നുവെന്ന് മുസ്ലിംകള്‍ പരാതിപ്പെടുന്നു. ഇത് അവരുടെ മനസ്സില്‍ അപകര്‍ഷ ബോധം വളര്‍ത്തിയിട്ടുണ്ട്. മുസ്ലിംകളുടെ ഈ പ്രതിച്ഛായ പെരുപ്പിക്കുന്നതിന് മാധ്യമങ്ങളും ശ്രമിക്കുന്നുവെന്ന് പലര്‍ക്കും തോന്നുന്നുണ്ട്.’
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇന്ത്യയിലെ മുസ്ലിം സ്ഥിതിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചിരുന്ന ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി 2007ല്‍ അദ്ദേഹത്തിന് സമര്‍പ്പിച്ച സമഗ്ര റിപ്പോര്‍ട്ടിന്‍െറ ആമുഖത്തില്‍ നിന്നാണ് ഈ വരികള്‍. സംഘ്പരിവാര്‍ ഒഴിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ നിരാകരിച്ചിട്ടില്ല. അത് നടപ്പാക്കുമെന്ന് ഉറപ്പുനല്‍കിയ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മേഖലകളില്‍ ചില ആശ്വാസ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന പ്രശ്നമായ അരക്ഷിതത്വം അവസാനിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുപോലുമില്ല. പകരം തീവ്രവാദത്തിന്‍െറയും ഭീകരവാദത്തിന്‍െറയും പേരില്‍ സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന നടപടികളിലെ വിവേചനപരവും മുന്‍വിധിയോടെയുള്ളതുമായ നീക്കങ്ങള്‍ പൂര്‍വാധികം ശക്തിയോടെ തുടരുന്നതിനാല്‍ മുസ്ലിം ന്യൂനപക്ഷം ചകിതരായി കഴിയുന്ന അവസ്ഥയുണ്ട്. കേരളത്തില്‍ സ്ഥിതി താരതമ്യേന ഭേദമാണെങ്കിലും കശ്മീര്‍ റിക്രൂട്ട്മെന്‍റ്, ലൗ ജിഹാദ് തുടങ്ങിയ ദുരൂഹ സമസ്യകളുടെ പേരില്‍ സംസ്ഥാനത്തു നടന്ന മീഡിയ പ്രചാരണവും പൊലീസുദ്യോഗസ്ഥന്മാരുടെ ‘വെളിപ്പെടുത്തലുകളും’ സ്ഥിതിമോശമാക്കിയിട്ടുണ്ട് എന്ന സത്യം ബാക്കിനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ വേണം ചോര്‍ന്ന ഇന്‍റലിജന്‍സ് പട്ടികയിലെ മഹാഭൂരിപക്ഷം പേരുകളും മുസ്ലിംകളുടേതാണെന്ന വസ്തുതയും അവരില്‍ നിരോധിത ‘സിമി’ ബന്ധം ആരോപിക്കപ്പെട്ടതും നോക്കിക്കാണേണ്ടത്. സിമിയുമായി ഒരു ബന്ധവും ഒരു കാലത്തും ഉണ്ടായിരുന്നിട്ടില്ലാത്ത വ്യക്തികള്‍വരെ പട്ടികയിലുണ്ട്. അവരും ഏതോ കാരണത്താല്‍ നോട്ടപ്പുള്ളികളാണെന്ന് വരുന്നത് സമുദായത്തില്‍ അരക്ഷിതബോധം വളര്‍ത്തും. അതാകട്ടെ, രാജ്യത്തിന്‍െറ സന്തുലിത വികസനത്തെയും ഭദ്രതയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇക്കാര്യത്തിലേക്ക് സര്‍ക്കാറിന്‍െയും ജനങ്ങളുടെയും ശ്രദ്ധ ക്ഷണിക്കാന്‍, കഴിഞ്ഞകാലത്ത് വര്‍ഗീസ്വധം, ആദിവാസി കിഡ്നി വില്‍പന, മുത്തങ്ങ വെടിവെപ്പ് പോലുള്ള മാനവിക പ്രശ്നങ്ങളെ തീര്‍ത്തും അവര്‍ഗീയമായി സമീപിച്ച് മനുഷ്യാവകാശ പ്രേമികളുടെ പ്രശംസ പിടിച്ചുപറ്റിയ ‘മാധ്യമ’ത്തിന്‍െറ നിലപാടുകളെ നടത്തിയശ്രമത്തെ അപ്പാടെ വിസ്മരിച്ച് വര്‍ഗീയസ്പര്‍ധ വളര്‍ത്തുന്നു എന്ന ആരോപണം മിതമായി പറഞ്ഞാല്‍ കുത്സിതവും നന്ദികേടുമാണ്. മറ്റാര് അത് ചെയ്താലും പക്വത മുഖമുദ്രയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍നിന്നത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. പിന്നാക്ക ന്യൂനപക്ഷ സംരക്ഷണത്തിന്‍െറ മൊത്തക്കുത്തക ഏറ്റെടുത്ത മുസ്ലിംലീഗാവട്ടെ, കാളപെറ്റെന്ന് കേട്ടപ്പോഴേക്കും കയറെടുക്കുകയും ചെയ്തു. അന്ധമായവിരോധവും പ്രതികാരബുദ്ധിയുമല്ല ലീഗ് നേതൃത്വത്തെ പ്രചോദിപ്പിക്കുന്നതെങ്കില്‍ ഈ നിലപാട് അവര്‍ പുനഃപരിശോധിക്കുന്നതിലാണ് പാര്‍ട്ടിയുടെയും സമുദായത്തിന്‍െറയും മുഴുവന്‍ കേരളീയരുടെയും നന്മ എന്നുമാത്രം സൂചിപ്പിക്കട്ടെ.
കടപ്പാട് മാധ്യമം ദിനപത്രം
ലേഖകന്‍ എം ആര്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment