മഅദനിക്ക് പഞ്ചകര്‍മ്മചികിത്സ ലഭ്യമാക്കണം- പി.ഡി.പി.
കൊല്ലം: ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ മലപ്പുറം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ പ്രവേശിപ്പിച്ച് പഞ്ചകര്‍മ്മചികിത്സ ലഭ്യമാക്കണമെന്ന് പി.ഡി.പി.വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധിപ്രകാരം മഅദനിയെ ചികിത്സയ്ക്ക് കൊണ്ടുപോയ ബാംഗ്ലൂരിലെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല പരിശോധനാകേന്ദ്രം മാത്രമാണ്. അവിടെ കിടത്തിച്ചികിത്സയോ പഞ്ചകര്‍മ്മചികിത്സാ സൗകര്യമോ ലഭ്യമല്ല. കഴിഞ്ഞ വ്യാഴാഴ്ച മഅദനിയെ ജയിലില്‍നിന്ന് ബാംഗ്ലൂര്‍ ജയനഗറിലെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പരിശോധനാകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും പരിശോധനമാത്രം നടത്തി മടക്കിക്കൊണ്ടുപോകാനേ കഴിഞ്ഞുള്ളൂ. മഅദനിക്ക് ചികിത്സ ലഭ്യമാക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഇതുമൂലം കഴിഞ്ഞിട്ടില്ല. ആയുര്‍വേദ തുടര്‍ ചികിത്സ കിട്ടാത്തതിനാല്‍ മഅദനിയുടെ രോഗനില ഗുരുതരമായി തുടരുകയാണെന്ന് പൂന്തുറ സിറാജ് പറഞ്ഞു. മഅദനിക്ക് മലപ്പുറം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ പഞ്ചകര്‍മ്മചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍ക്കണ്ട് അഭ്യര്‍ത്ഥിക്കുകയും കത്തുനല്‍കുകയും ചെയ്തിട്ടുണ്ട്. പഞ്ചകര്‍മ്മ ചികിത്സക്കുള്ള മുഴുവന്‍ ചെലവുംവഹിക്കാന്‍ പി.ഡി.പി. തയ്യാറാണെന്നും സിറാജ് പറഞ്ഞു.
പത്രസമ്മേളനത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.കമാലുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ കരുവ, ജോയിന്റ് സെക്രട്ടറി ബ്രൈറ്റ് സൈഫുദ്ദീന്‍, ഇരവിപുരം മണ്ഡലം പ്രസിഡണ്ട് എ.കെ.ഷഹാബുദ്ദീന്‍ എന്നിവരും പങ്കെടുത്തു.
No comments:
Post a Comment